മൗണ്ട് കാര്‍മല്‍ കത്തീഡ്രലിൽ 200-ാമത്തെ തിരുനാൾ
1576064
Tuesday, July 15, 2025 11:31 PM IST
ആലപ്പുഴ: ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലിൽ 200-ാമത്തെ തിരുനാൾ ആഘോഷങ്ങൾക്കു ഇന്നു കൊടിയേറും. ലത്തീന്‍ പള്ളി എന്ന അപരനാമധേയത്തിലും ദേവാലയം അറിയപ്പെടുന്നു. ആലപ്പുഴ പട്ടണത്തിന്റെ ചരിത്രവുമായി ദേവാലയം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസികളുടെ സഹായത്തോടെയും പ്രൊപ്പഗന്ത മിഷന്റെ ആഭിമുഖ്യത്തിലും തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുമതിയോടെ 1809 ജൂണ്‍ 8ന് മലബാറിലെ വികാര്‍ അപ്പോസ്തലിക്കായ ബിഷപ് റവ.ഡോ. റൈമണ്ട് തിരുമേനിയാണ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
തുടർന്ന് വ്യത്യസ്ത കാലയളവിലെ പുനർനിർമാണങ്ങൾ നടന്നു. 1926ല്‍ സി.പി. സേവ്യര്‍ ഇംഗ്ലണ്ടില്‍നിന്നു വരുത്തി സംഭാവന ചെയ്ത കുരിശിന്റെ വഴി ചിത്രങ്ങളും എ.ടി. ജോണ്‍ വരച്ച അന്ത്യത്താഴം, ജപമാലരഹസ്യ ചിത്രങ്ങളും, ചമ്പക്കുളം ചാക്കോ രൂപകല്‍പ്പന ചെയ്ത മനോഹരമായ കുരിശുരൂപവും ദേവാലയത്തെ ആകര്‍ഷകമാക്കുന്നു. 1952ല്‍ പന്ത്രണ്ടാം പീയൂസ് പാപ്പ, ഈ ദേവാലയം കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തി. കത്തീഡ്രല്‍ ദേവാലയം 1995ല്‍ നിപതിക്കാനിടയായി.
പുനര്‍നിര്‍മിച്ച കത്തീഡ്രല്‍ ദേവാലയം 1999 ഫെബ്രുവരി രണ്ടിന് വത്തിക്കാനിലെ പൗരസ്ത്യതിരുസംഘം അധ്യക്ഷന്‍ അത്യുന്നത കര്‍ദിനാള്‍ ലൂര്‍ദ് സ്വാമി ആശീര്‍വദിച്ചു. വിശുദ്ധ മദര്‍ തെരേസയുടെ സന്ദര്ശനത്താല് പുണ്യപാദസ്പര്‍ശമേറ്റ കത്തീഡ്രലില്‍ ഒട്ടേറെ കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും വിശിഷ്ട വ്യക്തികളും സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂലൈ മാസത്തിലാണ് തിരുനാള്‍ ആചരിച്ചുപോരുന്നത്.
ഇന്ന് വൈകിട്ട് അഞ്ചിന് പ്രസുദേന്തിമാരുടെ വാഴ്ചയും തിരുനാൾ കൊടി ഉയർത്തലും ഫാ. ഫ്രാൻസിസ് കൊടിയനാട് നിർവഹിക്കും. ഫാ. ജൂഡ് ജോസഫ് കൊണ്ടപ്പശേരിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ഫാ. യേശുദാസ് പഴമ്പള്ളി വചനപ്രഘോഷണവും നടത്തും. നാളെ വൈകിട്ട് 5.30ന് ജപമാല, പ്രസംഗം-മോൺ. ജോയ് പുത്തൻവീട്ടിൽ, വചനപ്രഘോഷണം ഫാ. രഞ്ജിത്ത് മഠത്തിൽക്കണ്ടത്തിൽ.
18ന് വൈകിട്ട് 5.30ന് ജപമാല, വാഴ്ച, ലിറ്റനി, ദിവ്യബലി-ഫാ. സ്റ്റാൻലി പുളിമൂട്ടുപറമ്പിൽ. വചനപ്രഘോഷണം-ഫാ. ജോൺസൺ തൗണ്ടയിൽ.19ന് വൈകിട്ട് 5.30ന് ജപമാല, വേസ്പര, ദിവ്യബലി, പ്രദക്ഷിണം. മുഖ്യകാർമികൻ മോൺ. ഷൈജു പര്യാത്തുശേരി. വചനപ്രഘോഷണം - ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ. 20ന് രാവിലെ ഏഴിന് 9ന് ദിവ്യബലി.
വൈകുന്നേരം 4.30ന് ആലപ്പഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 27നാണ് എട്ടാമിടം.