പായൽക്കുളങ്ങരയിൽ ദേശീയപാതാ നിർമാണം തടഞ്ഞു: പ്രദേശത്ത് സംഘർഷം
1576053
Tuesday, July 15, 2025 11:31 PM IST
അമ്പലപ്പുഴ: പായൽക്കുളങ്ങരയിൽ അടിപ്പാത ഒഴിവാക്കിയുള്ള ദേശീയപാതാ നിർമാണം തടഞ്ഞതോടെ പ്രദേശത്ത് സംഘർഷം. ചൊവാഴ്ച ഉച്ചയോടെയാണ് ദേശീയപാത വികസന അഥോറിറ്റി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും നേതൃത്വത്തിൽ ഇവിടെ റോഡ് നിർമാണമാരംഭിച്ചത്. ഇത് തടഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
അടിപ്പാത വേണമെന്ന ആവശ്യവുമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ സത്യഗ്രഹം 230 ദിവസം പിന്നിട്ടപ്പോഴാണ് സംഘർഷമുണ്ടായത്. നിലവിൽ പുറക്കാടിനും അമ്പലപ്പുഴയ്ക്കുമിടയിലുള്ള നാലു കി.മീ. ദൂരത്തിലെങ്ങും അടിപ്പാതയില്ല. മത്സ്യത്തൊഴിലാളികളടക്കം ആയിരക്കണക്കിന് പേർ നാലു കി. മീ. ചുറ്റിവേണം സഞ്ചരിക്കാൻ. ഇതിനു പരിഹാരമായി പായൽക്കുളങ്ങരയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായാണ് സമരസമിതിയുടെ നേതൃത്വത്തിൽ റിലേ സത്യഗ്രഹം ആരംഭിച്ചത്.
സമരം ആരംഭിച്ചതോടെ നിർത്തിവച്ച നിർമാണപ്രവർത്തനമാണ് അപ്രതീക്ഷിതമായി ചൊവ്വാഴ്ച ആരംഭിച്ചത്. പിന്നീട് കൂടുതൽ പ്രവർത്തകരെത്തിയതോടെ കൂടുതൽ പോലീസും ഇവരെ നേരിടാൻ സ്ഥലത്തെത്തി. തുടർന്ന് അമ്പലപ്പുഴ സിഐ പ്രതീഷ്കുമാറും ഉദ്യോഗസ്ഥരും സമരസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് 15 ദിവസത്തേക്ക് നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. 15 ദിവസത്തിനുള്ളിൽ അടിപ്പാതയുമായി ബന്ധപ്പെട്ട അന്തിമതീരുമാനമെടുക്കണമെന്നും പോലീസ് നിർദേശം നൽകി.