കാത്തിരിപ്പ് കേന്ദ്രത്തിന് കളക്ടറേറ്റ് അനുമതി നിഷേധിച്ചു, യാത്രക്കാർ ദുരിതത്തിൽ
1575469
Sunday, July 13, 2025 11:42 PM IST
ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ താല്കാലിക കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അനുമതി കളക്ടര്‍ നിഷേധിച്ചു. കാത്തിരിപ്പുകേന്ദ്രം ഒരുക്കാന്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 4.40 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി തേടിയെങ്കിലും കളക്ടര്‍ ഇത് നിഷേധിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടിന്റെ പരിധിയില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടാത്തതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് അദ്ദേഹം അറിയിച്ചു.
യാത്രക്കാര്‍ ദുരിതത്തില്‍; വാഗ്ദാനങ്ങള്‍ പാഴ്വാക്ക്
പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെയാണ് യാത്രക്കാര്‍ക്ക് ആശ്രയമില്ലാതായത്. വെയിലില്‍നിന്നും മഴയില്‍നിന്നും രക്ഷപ്പെടാന്‍ സമീപത്തെ കടത്തിണ്ണകളിലും കെഎസ്ആര്‍ടിസിയുടെ ഗ്യാരേജിലേക്കും ഓടിക്കയറേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. കൂടാതെ, വെയിലും മഴയുമേല്ക്കാതെ ഒഴിഞ്ഞുമാറി നില്ക്കുന്നതിനാല് ബസ് വരുമ്പോള്‍ പിന്നാലെ ഓടേണ്ടി വരുന്നതും അപകടകാരണമാകുന്നു. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലം പൂര്‍ണമായും ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് ആകെയുള്ള ആശ്വാസം ഒരു തണല്‍മരം മാത്രമാണ്, അതും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് യാത്രക്കാര്‍ ആശങ്കപ്പെടുന്നു. നിലവില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഒരു ചെറിയ ഷെഡ് മാത്രമാണുള്ളത്. അതില്‍ നാല് പേര്‍ക്കുപോലും നില്ക്കാന് കഴിയില്ല. മുന്‍പുണ്ടായിരുന്ന ഇരിപ്പിടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ തുറന്ന സ്ഥലത്താണ് കിടക്കുന്നത്.
കെട്ടിടം പൊളിച്ചാലുടന് ദിവസങ്ങള്‍ക്കുള്ളില്‍ താല്‍ക്കാലിക ഷെഡ് നിര്‍മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായി. വകുപ്പുമന്ത്രിക്ക് ഉള്‍പ്പെടെ നിരവധി പരാതികള്‍ അയച്ചിട്ടും ഒരു പരിഹാരവും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല. കാത്തിരുപ്പ് കേന്ദ്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികളും നടന്നിരുന്നു.
പുതിയ കെട്ടിടം; പുതിയ പ്രതീക്ഷകള്‍
11.5 കോടി രൂപ ചെലവില്‍ 32,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്. എംസി റോഡിന് അഭിമുഖമായി ഇരുനിലകളില്‍ സൂപ്രണ്ട് ബ്ലോക്കും, ബഥേല്‍ ജംഗ്ഷന് - റെയില്‍വേ സ്റ്റേഷന് റോഡരികില്‍ നാലുനിലകളില്‍ മെയിന്‍ ബ്ലോക്കുമാണു പുതുതായി നിര്‍മിക്കുക. ഫ്രണ്ട് ബ്ലോക്കിന്റെ മേല്‍ക്കൂര നിര്‍മാണം സിംഗപ്പൂര്‍ മാതൃകയിലാണ്.
സ്റ്റേഷന് മാസ്റ്റര്‍, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ ഓഫീസുകള്‍ ഗാരേജ് കം ഓഫീസ് കെട്ടിടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 43 ബസുകളും രണ്ടു സ്വിഫ്റ്റ് ബസുകളുമായി 42 ഷെഡ്യൂളുകള്‍ ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിങ്കള്‍, ശനി ദിവസങ്ങളില്‍ രണ്ട് അധിക സര്‍വീസുകളുമുണ്ട്.
കാത്തിരിപ്പു കേന്ദ്രം അടിയന്തരമായി
നിര്‍മിക്കും: മന്ത്രി സജി ചെറിയാന്
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 4.40 ലക്ഷം രൂപ മുടക്കി താല്‍ക്കാലിക കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതിക്ക്, എംഎല്‍എയുടെ പ്രത്യക വികസന ഫണ്ടിന്റെ പരിധിയില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടാത്തതിനാലാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രത്യേക അനുമതി വാങ്ങി കാത്തിരിപ്പു കേന്ദ്രം അടിയന്തരമായി നിര്‍മിക്കാനാണ് നിലവിലെ ശ്രമം. ഇതിന് സാധിച്ചില്ലായെങ്കില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണെങ്കിലും കാത്തിരിപ്പു കേന്ദ്രം അടിയന്തരമായി നിര്‍മിക്കും.