അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന് ദേശീയ പുരസ്കാരം
1575466
Sunday, July 13, 2025 11:42 PM IST
ചേര്‍ത്തല: ഐഎസ്ഒ മാനദണ്ഡങ്ങള്‍ പാലിച്ചു രാജ്യത്തു പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് നല്കുന്ന ബിഐഎസ് അംഗീകാരം അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന് ലഭിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ക്ക് നല്കുന്ന അംഗീകാരമാണ് അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷന് ലഭിച്ചിരിക്കുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ബിഐഎസ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സതേണ്‍ റീജിയണ്‍ പ്രവീണ്‍ ഖന്ന അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അധ്യക്ഷനായി. സൗത്ത് സോണ്‍ ഐജി എസ്. ശ്യാം സുന്ദര്‍, എറണാകുളം റേഞ്ച് ഡിഐജി ഡോ. എസ്. സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്, ചേര്‍ത്തല എഎസ്പി ഹരിഷ് ജയിന് തുടങ്ങിയവര്‍ പങ്കെടുത്തു.
അംഗീകാരത്തിനു മുന്നോടിയായി ചെന്നൈയിലെ ദക്ഷിണമേഖല ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ഓഫിസിലെ വിദഗ്ധ സംഘം ആറുമാസം മുന്‍പ് സ്റ്റേഷനിലെത്തി ആദ്യഘട്ട പരിശോധന നടത്തി. തുടര്‍ന്ന് ഒട്ടേറെ പരിശോധനകള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.
ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലെ ഗുണമേന്മ, പരാതികള്‍ തീര്‍പ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോഗസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം.