അമ്മയെയും മകനെയും കെഎസ്ആർടിസി ബസിൽനിന്ന് രാത്രി ഇറക്കിവിട്ടതായി പരാതി
1575748
Monday, July 14, 2025 11:53 PM IST
കായംകുളം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അമ്മയെയും മകനെയും രാത്രി വഴിമധ്യേ കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി. കായംകുളം മലമേൽഭാഗം കൊച്ചുവീട്ടിൽ റഷീദിന്റെ ഭാര്യ ഹസീനയാണ് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കഴിഞ്ഞദിവസം രാത്രി ഹസീനയും പതിനൊന്ന് വയസുള്ള മകനും കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ചേർത്തല തുറവൂരിലേക്ക് പോകാൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയത്. ഇവർ ബസിന്റെ മുൻവശത്തെ ഒഴിഞ്ഞ സീറ്റിൽ ഇരിക്കുകയും ചെയ്തു.
ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ എത്തിയപ്പോൾ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തി.
തുടർന്ന് ബസ് പുറപ്പെടാൻ നേരം ഹസീനയെയും മകനെയും എഴുന്നേൽപ്പിച്ച ശേഷം മറ്റൊരു യാത്രക്കാരിക്ക് കണ്ടക്ടർ സീറ്റ് നൽകി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഹരിപ്പാട് ബസ് നിർത്തിച്ച് ഹസീനയെയും മകനെയും കണ്ടക്ടർ ബസിൽനിന്ന് ഇറക്കിവിട്ടത്.
തുടർന്നാണ് ഹസീന ഹരിപ്പാട് പോലീസിൽ പരാതി നൽകിയത്. കണ്ടകട്ർ അപമര്യാദയായി പെരുമാറിയെന്നും മകന്റെ മുന്നിൽവച്ച് അപമാനിച്ചെന്നും പരാതിയിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.