തൈക്കാട്ടുശേരി ആശുപത്രി രോഗക്കിടക്കയിൽ
1575755
Monday, July 14, 2025 11:53 PM IST
പൂച്ചാക്കൽ: 125 വർഷത്തോളം പഴക്കമുള്ള തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കെട്ടിടങ്ങൾ ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ. സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡായി ഉപയോഗിച്ചിരുന്ന പ്രധാന കെട്ടിടമാണ് അപകടാവസ്ഥയിലായത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന നോട്ടീസ് അധികൃതർ തന്നെ പതിപ്പിച്ചിട്ടുണ്ട്.
ഒരുമാസം മുൻപുവരെ പകൽ കിടത്തിച്ചികിത്സ ഉണ്ടായിരുന്നു. രാത്രി ഡോക്ടർ ഇല്ലാത്തതിനാൽ അത്യാവശ്യക്കാരെ മാത്രമേ ഡോക്ടർ ഓൺ കോൾ സംവിധാനത്തിൽ കിടത്തി ചികിത്സിക്കുമായിരുന്നുള്ളു. ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങളിൽ കട്ടിലുകൾ, കിടക്കകൾ ഉൾപ്പെടെ ഒട്ടേറെ ഉപകരണങ്ങൾ നശിക്കുകയാണ്. പഴയ പേ വാർഡും ഉപയോഗിക്കുന്നില്ല. ഒപി, ഫാർമസി, അഡ്മിനിസ്ട്രേഷൻ, നിരീക്ഷണം, ലാബ് തുടങ്ങിയവ ഇപ്പോഴും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രിയുള്ളത്.
സാങ്കേതിക കുരുക്ക്
നിലവിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊടിച്ചുപണിയാൻ ബ്ലോക്ക് പഞ്ചായത്തിൽ ഫണ്ട് ഉണ്ട്. ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനയിലാണ് പഴയ നിർമിതികൾ പുതുക്കി നിർമിക്കാൻ സാധ്യമല്ലെന്നും സ്ഥലത്തിന്റെ കൈവശാവകാശം സ്വകാര്യവ്യക്തിയുടെ പേരിലാണെന്നും വർഷങ്ങൾ പഴക്കമുള്ള കെട്ടിടം പൊളിച്ച് പണിയുന്നതിനു പുരാവസ്തുവകുപ്പിന്റേത് അടക്കം അനുമതി വേണമെന്നുമാണ് അറിയിച്ചത്.
പ്രവർത്തനം താത്കാലിക
ഒപി കെട്ടിടത്തിൽ
അപകടാവസ്ഥയിലെ തൈക്കാട്ടുശേരി സിഎച്ച്സിലെ കെട്ടിടത്തിൽനിന്നു താത്കാ ലികമായി ഒപി സംവിധാനം പുതിയ കെട്ടിടത്തിലേക്ക് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി ആറു ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ താത്കാലിക ഒപി കെട്ടിടം നിർമിച്ചത്. ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ദീപ സജീവ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.ആർ. രജിത ഉദ്ഘാടനം ചെയ്തു. രാജേഷ് വിവേകാനാന്ദ, എൻ.കെ. ജനാർദനൻ എന്നിവർ പങ്കെടുത്തു.
സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന തൈക്കാട്ടുശേരി സിഎച്ച്സിയി ലെ നൂറുവർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നിയമ നടപടികൾ പൂത്തിയാക്കി കൂടുതൽ ഉയർന്ന നിലവാരമുള്ള പുതിയ കെട്ടിടം നിർമിച്ച് കൂടുതൽ ഉയർന്ന മെച്ചപ്പെട്ട ചികിത്സ സംവിധാനം എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികളുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുപോകുകയാണ്.
അഡ്വ. വി.ആർ. രജിത
(പ്രസിഡന്റ്, തൈക്കാട്ടുശേരി
ബ്ലോക്ക് പഞ്ചായത്ത്)