ഹോട്ടൽ ഉടമയുടെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം നൽകി കെഎച്ച്ആർഎ
1575468
Sunday, July 13, 2025 11:42 PM IST
കായംകുളം: സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ഹോട്ടൽ ഉടമയുടെ കുടുംബത്തിനു പത്തുലക്ഷം രൂപയുടെ ധനസഹായം നൽകി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ കൈത്താങ്ങ്. കായംകുളത്ത് ഹോട്ടൽ വ്യാപാരം നടത്തി മരണപ്പെട്ട ശശിധരൻ പിള്ളയുടെ കുടുംബത്തിനാണ് സുരക്ഷാ പദ്ധതി വഴി പത്തുലക്ഷം രൂപയുടെ ധനസഹായം നൽകിയത്.
കെഎച്ച്ആർഎ കായംകുളം യൂണിറ്റ് സംഘടിപ്പിച്ച യോഗത്തിൽ ശശിധരൻ പിള്ളയുടെ കുടുംബത്തിന് അഡ്വ. യു. പ്രതിഭ എംഎൽഎ ധനസഹായം കൈമാറി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എംഎൽഎ നിർവഹിച്ചു . മെറിറ്റ് അവാർഡ് വിതരണം കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടൻ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ പി. ശശികല മുഖ്യ അതിഥിയായി. കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. സുരക്ഷാ പദ്ധതിയെ കുറിച്ച് സംസ്ഥാന സെക്രട്ടറി റോയ് മഡോണ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി നാസർ ബി. താജ് മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കൾക്കുള്ള അവാർഡ് വിതരണം ജില്ലാ പ്രസിഡന്റ് മനാഫ് എസ്. കുബാബ നിർവഹിച്ചു. മുതിർന്ന ഹോട്ടൽ ഉടമകളെ ചടങ്ങിൽ ആദരിച്ചു.