എക്സല്‍ ഗ്ലാസസ് ഫാക്ടറി ഓർമയിലേക്ക്
1576357
Thursday, July 17, 2025 12:03 AM IST
കലവൂര്‍: എക്സല്‍ ഗ്ലാസസ് ഫാക്ടറിയുടെ അവസാന ശേഷിപ്പും പൊളിച്ചു തുടങ്ങി. കോടികളുടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 2012ലാണ് 550 തൊഴിലാളികളുണ്ടായിരുന്ന എക്സല്‍ ഗ്ലാസസ് ലിമിറ്റഡ് അടച്ചുപൂട്ടിയത്. ദേശീയപാതയോരത്ത് പാതിരപ്പള്ളിയില്‍ സ്ഥിതി ചെയ്തിരുന്ന ഫാക്ടറി കെട്ടിടം വര്‍ഷങ്ങളായി വെറുതേ കിടന്നു നശിക്കുകയായിരുന്നു. തുടര്‍ന്നു നാലു വര്‍ഷം മുന്‍പ് ഫാക്ടറി കെട്ടിടം പൊളിച്ചിരുന്നു. എന്നാല്‍, മെഷനറികളും മറ്റും സൂക്ഷിക്കാനായി ഒരു കെട്ടിടം നിലനിര്‍ത്തിയിരുന്നു.
ആ കെട്ടിടമാണ് ഇന്നലെ പൊളിക്കാന്‍ ആരംഭിച്ചത്. ഇതിനിടെ ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. ഒടുവില്‍ സ്ഥാപനം പൂട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ കിട്ടാന്‍ തൊഴിലാളികള്‍ കോടതി കയറിയിറങ്ങേണ്ട സ്ഥിതിയായി. തുടര്‍ന്നാണ് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഇടപെട്ട് കമ്പനിയുടെ വസ്തുവകകള്‍ വിറ്റു ബാധ്യതകള്‍ തീര്‍ക്കാന്‍ ലിക്വിഡേറ്ററെ നിയമിച്ചു.
പൂട്ടുന്ന സമയത്തുണ്ടായിരുന്ന കമ്പനിയിലെ സ്റ്റോക്ക് ഉള്‍പ്പെടെ ലേലം ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ 17 ഏക്കര്‍ വരുന്ന ഭൂമി ലേലം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അര്‍ഹമായ ആനുകൂല്യം ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തൊഴിലാളികള്‍ ഇപ്പോഴും കേസ് നടത്തുന്നുണ്ട്. എന്നാല്‍, അടുത്തിടെ ഭൂമിയും ലേലത്തില്‍ വിറ്റു. ഇതോടെയാണ് നിലവില്‍ ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്. മുംബൈ ആസ്ഥാനമായ സൊമാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം. ഭൂമി വിറ്റു പോയിട്ടും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.