ഇലിപ്പക്കുളത്ത് വീട് കുത്തിത്തുറന്ന് കവർച്ച: അന്വേഷണം ഊർജിതമാക്കി
1576358
Thursday, July 17, 2025 12:03 AM IST
കായംകുളം: വള്ളികുന്നം ഇലിപ്പക്കുളത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഇലിപ്പക്കുളം കിണറുമുക്ക് വടക്കേ ജംഗ്ഷനു സമീപം ഹരിനിവാസിൽ രാജമോഹനന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. നാലേമുക്കാൽ പവൻ സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്.
ഭാര്യ ശ്രീലതയുടെ ചികിത്സയ്ക്കായി രാജമോഹൻ മകൻ ശ്രീജിത്ത് മോഹനനെയും കൂട്ടി കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു . വീടിന്റെ മുൻവശത്തെ ലൈറ്റ് രാത്രിയിൽ കത്തിക്കുന്നതിനും രാവിലെ അണയ്ക്കുന്നതിനും അയൽവാസിയെ ചുമതലപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ലൈറ്റണയ്ക്കുന്നതിന് അയൽവാസി എത്തിയപ്പോൾ മുൻവശത്തെ കതക് ചാരിയിട്ട നിലയിലായിരുന്നു. അയൽവാസി വിവരമറിയിച്ചതനുസരിച്ച് രാജമോഹനന്റെ ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതറിയുന്നത്. സംഭവമറിഞ്ഞ്, ഭാര്യയ്ക്കൊപ്പം ആശുപത്രിയിലായിരുന്ന രാജമോഹനനും വീട്ടിൽ മടങ്ങിയെത്തി. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് മൂന്നേമുക്കാൽ പവന്റെ നെക്ലസ്, ഒരുപവന്റെ വള, ബാഗിലുണ്ടായിരുന്ന പണം എന്നിവ കവർന്നത്.
വിവാഹക്ഷണക്കത്തിന്റെ കവറിലിട്ട് അലമാരയിൽ വച്ചിരുന്ന രണ്ടുപവന്റെ താലിമാല മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ അത് മോഷണം പോയില്ല. താഴത്തെയും മുകളിലത്തെയും നിലകളിലെ നാലു കിടപ്പുമുറികളുടെയും കതകുകൾ കുത്തിത്തുറക്കുകയും അലമാരകളിലെ വസ്ത്രങ്ങൾ അടക്കമുള്ളവ വാരിവലിച്ച് താഴെയിട്ട നിലയിലുമാണ്. വള്ളികുന്നം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.