ആചാരപ്പെരുമയിൽ ഇന്ന് ഏവൂർ സംക്രമ വള്ളംകളി
1576354
Thursday, July 17, 2025 12:03 AM IST
കായംകുളം: ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കര്‍ക്കടക സംക്രമ വള്ളംകളി ഇന്നു നടക്കും. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നോടെ ക്ഷേത്രത്തിന് കിഴക്കുള്ള ഏവൂര്‍ പുഞ്ചയിലാണ് വള്ളംകളി നടക്കുന്നത്. ക്ഷേത്രത്തിലെ മൂന്നു കരകളായ ഏവൂര്‍ വടക്ക്, ഏവൂര്‍ വടക്ക്-പടിഞ്ഞാറ്, ഏവൂര്‍ തെക്ക് എന്നീ കരകളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മൂന്നു കരകളെ പ്രതിനിധീകരിച്ച് മൂന്നു വള്ളങ്ങളാണുണ്ടാകുക. ആചാരം നിലനിർത്തി മത്സരമില്ലാതെയാണ് വള്ളംകളി നടക്കുക. രാവിലെ കരക്കാര് ക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തും. തുടര്‍ന്ന് ശ്രീകോവിലില്‍നിന്ന് പൂജിച്ചു നല്കുന്ന പൂമാലയുമായി വള്ളക്കടവിലെത്തി മാല വള്ളത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ വള്ളത്തില്‍ പത്തിയൂര്‍ ദേവീക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം ഏവൂരില്‍ തിരികെയെത്തും. വള്ളത്തില്‍ കണ്ണമംഗലം ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര നടക്കും.
കിഴക്ക് കണ്ണമംഗലത്തെ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പാട്ടുപാടി തുഴഞ്ഞു നീങ്ങുന്നതാണ് പതിവ്. ആചാരത്തിന് പ്രാധാന്യം നൽകിയുള്ള ഈ യാത്രയെ കണ്ണമംഗലം ദേശക്കാർ ഭക്തിപൂർവം സ്വീകരിക്കുന്നു. തുടർന്നാണ് മടക്കയാത്ര. ഏവൂർ ആറാട്ട് കൊട്ടാരത്തിൽ നിന്നുള്ള ഉരുളിച്ച വരവും ഉണ്ടായിരിക്കും.
കരക്കാര് മടങ്ങിയെത്തിയശേഷം സന്ധ്യക്ക് ക്ഷേത്രത്തിലെ ശ്രീഭൂതനാഥ സന്നിധിയില്‍ നടക്കുന്ന കരിക്കേറോടെ ചടങ്ങുകള്‍ സമാപിക്കും. ഏവൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട മൂന്നു കരകളിലെ വീടുകളിൽനിന്ന് ഭക്തർ സമർപ്പിക്കുന്ന കരിക്കും നാളികേരവുമാണ് ഇതിനുപയോഗിക്കുന്നത്. ഉച്ചയ്ക്ക് 12ന് വഴിപാട് വള്ളസദ്യ നടക്കും.