ഭരണിക്കാവിൽ വാട്ടർ എടിഎം സ്ഥാപിച്ചു; ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം
1576952
Friday, July 18, 2025 11:34 PM IST
കറ്റാനം: കെപി റോഡിൽ ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിനു സമീപം വാട്ടർ എടിഎം സ്ഥാപിച്ചു. കുപ്പിയുമായി എത്തി ഒരു രൂപയുടെ നാണയം മെഷീനിൽ ഇട്ടാൽ ഒരു ലിറ്റർ തണുത്ത ശുദ്ധമായ കുടിവെള്ളം ലഭിക്കും.
ഭരണിക്കാവ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലാണ് ഏതു സമയവും കുടിവെള്ളം ലഭിക്കുന്ന വാട്ടർ എടിഎം സ്ഥാപിച്ചത്. വഴിയാത്രക്കാർക്കും പഞ്ചായത്ത് ഓഫീസ് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിൽ എത്തുന്ന ജനങ്ങളുടെ ദാഹമകറ്റുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് വാട്ടർ എടിഎം സ്ഥാപിച്ചത്. അഡ്വ യു. പ്രതിഭ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി. എ.എം. ഹാഷിർ, സുരേഷ് പി. മാത്യു, സിനുഖാൻ, വി. ചെല്ലമ്മ, എ. തമ്പി, നിഷ സത്യൻ എന്നിവർ പ്രസംഗിച്ചു.