എടിഎമ്മിൽനിന്ന് അധികമായി ലഭിച്ച 9,500 രൂപ ബാങ്കിന് തിരികെ നൽകി യുവാവിന്റെ മാതൃക
1576632
Friday, July 18, 2025 3:24 AM IST
അമ്പലപ്പുഴ: എടിഎമ്മിൽനിന്ന് അധികമായി ലഭിച്ച 9,500 രൂപ ബാങ്കിന് തിരികെ നൽകി യുവാവിന്റെ സത്യസന്ധത. തകഴി പഞ്ചായത്ത് രണ്ടാം വാർഡ് ഗോപസദനത്തിൽ ഗോപാലകൃഷ്ണൻ-പൊന്നമ്മ ദമ്പതികളുടെ മകൻ ഗോപകുമാറാണ് പണം തിരികെ നൽകി മാതൃകയായത്.
ഇന്നലെ രാവിലെയാണ് ഗോപകുമാർ തകഴി ഫെഡറൽ ബാങ്ക് എടിഎമ്മിൽനിന്ന് 500 രൂപയെടുക്കാൻ എത്തിയത്. എന്നാൽ, ഗോപകുമാറിന് ലഭിച്ചത് പതിനായിരം രൂപയായിരുന്നു. ഉടൻ പണവുമായി ഗോപകുമാർ പഞ്ചായത്തംഗം റീനാ മതികുമാറിന്റെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു.
അധികമായി ലഭിച്ച പണം ബാങ്കിന് തിരികെ നൽകണമെന്ന പഞ്ചായത്തംഗത്തിന്റെ നിർദേശത്തെത്തുടർന്ന് രാവിലെ തന്നെ ബാങ്കിലെത്തി മാനേജർ അരുൺ ബാബുവിന് ഗോപകുമാർ പണം കൈമാറി.
ഒരാഴ്ചയായി മഴയായതിനാൽ ഉപജീവന മാർഗമായ വെൽഡിംഗ് ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 850 രൂപയിൽനിന്ന് 500 രൂപയെടുക്കാനെത്തിയപ്പോഴാണ് 9,500 രൂപ അധികം ലഭിച്ചത്.
ഗോപകുമാർ പണമെടുക്കുന്നതിന് മുൻപ് മറ്റൊരാൾ 50,000 രൂപ പിൻവലിച്ചിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് 40,000 രൂപ മാത്രമാണ് ലഭിച്ചത്. മെഷീനിൽ കുടുങ്ങിക്കിടന്ന പതിനായിരം രൂപയാണ് ഗോപകുമാറിന് ലഭിച്ചത്.