നിയമവിരുദ്ധമായി വൈദ്യുതി കണക്ഷന് നല്കാന് ശ്രമിച്ച സംഭവം; കളക്ടറുടെ ഉത്തരവില്ലെന്ന് വിവരാവകാശരേഖ
1576635
Friday, July 18, 2025 3:24 AM IST
മുഹമ്മ: കായിപ്പുറം തോട്ടുങ്കല്‍ വീട്ടില്‍ വിലാസന്റെ പുരയിടത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ജില്ലാ കളക്ടറുടെയും ആര്‍ഡിഒയുടെയും കോടതിയുടെയും ഉത്തരവുണ്ടെന്ന് കെഎസ്ഇബി പറഞ്ഞത് കളവാണെന്ന് വിവരാവകാശ രേഖ.
മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ക്ക് വിലാസന് നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് വൈദ്യുതി ലൈന്‍ വലിക്കാന്‍ കളക്ടറുടെയും ആര്‍ഡിഒയുടെയും അനുമതിയില്ല എന്ന മറുപടി ലഭിച്ചത്. സ്ഥലം ഉടമയുടെ അനുമതിപത്രം ഇല്ലാതെ പുരയിടത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഇല്ലാ എന്ന മറുപടിയാണ് ലഭിച്ചത്.
അനുമതി പത്രമില്ലാതെ കെഎസ്ഇബി തന്റെ പുരയിടത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് ആലപ്പുഴ ആര്‍ഡിഒ കോടതിക്ക് വിലാസന് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തീര്‍പ്പുണ്ടാകുന്നതിന് മുന്‍പാണ് പോലീസ് സന്നാഹത്തോടെ കഴിഞ്ഞ 23ന് കെഎസ്ഇബി മുഹമ്മ സെക്ഷന്‍ ഓഫീസ് അധികാരികള്‍ ബലപ്രയോഗത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ ശ്രമിച്ചത്.
കളക്ടറുടെയും ആര്‍ഡിഒയുടെയും ഉത്തരവ് കാണിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും കാണിച്ചില്ല. ഉത്തരവുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കുടുംബത്തെ ഭീതിയിലാഴ്ത്തുകയായിരുന്നു. നിയമവിരുദ്ധമായ നടപടി പാടില്ലെന്ന നിലപാട് വിലാസന് സ്വീകരിച്ചതോടെയാണ് കെഎസ്ഇബി പിന്‍വാങ്ങിയത്.