തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ നിലപാടെടുത്ത് കത്തോലിക്ക കോൺഗ്രസ്
1576628
Friday, July 18, 2025 3:23 AM IST
ആലപ്പുഴ: കത്തോലിക്കാ സമുദായത്തിന്റെ പ്രത്യേകമായി സീറോ മലബാർ ക്രൈസ്തവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സഹായിക്കാൻ കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ നേതൃസംഗമം തീരുമാനിച്ചു.
സമൂഹ നന്മയ്ക്കായുള്ള സമുദായത്തിന്റെ താത്പര്യമാണ് വലുതായി ഉള്ളതെന്നും സമുദായത്തെ ദ്രോഹിക്കുന്ന സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാത്ത പാർട്ടികളെ സഹായിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
സമുദായത്തിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്ന രാഷ്ട്രീയപാർട്ടികളെ സഹായിക്കുമെന്നും യോഗം തീരുമാനിച്ചു. 20ന് നടത്തുന്ന ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് നേതൃസംഗമത്തിൽ എല്ലാ യൂണിറ്റിൽനിന്നും പ്രതിനിധികളെ പങ്കെടുപ്പിച്ച് ആലപ്പുഴയിലെ തീരുമാനങ്ങൾക്ക് പിൻബലം നേടിയെടുക്കും. യോഗത്തിൽ ഫൊറോന പ്രസിഡന്റ് ദേവസ്യ പുളിക്കശേരി അധ്യക്ഷത വഹിച്ചു.
അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ വർഗീസ്, ജെസി ആന്റണി, ഷാജി പോൾ ഉപ്പൂട്ടിൽ, ജോഷിമോൻ, വി.ജെ. ടോമിച്ചൻ മേത്തശേരി, ടോമി കടവൻ, ആന്റണി ചിറ്റിലപ്പള്ളി, അനിൽ മാത്യു, റീത്താമ്മ ഏബ്രഹാം, രഞ്ജിനി തോമസ്, സിബി ഫിലിപ്പ്, ബിനു സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.