അറുനൂറ്റിമംഗലം വിത്തുത്പാദന കേന്ദ്രത്തിൽ യന്ത്രനടീലിനു തുടക്കം
1576642
Friday, July 18, 2025 3:24 AM IST
തഴക്കര: അറുനൂറ്റിമംഗലം വിത്തുത്പാദന കേന്ദ്രത്തിൽ യന്ത്രവത്കരണത്തിന്റെ ഭാഗമായി നെല്ലിന്റെ യന്ത്രനടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. 12 ഏക്കറിൽ യന്ത്രസഹായത്താൽ വിത്തു നടുന്ന പായ ഞാറ്റടി കൃഷിരീതിക്കാണ് തുടക്കമായത്.
ഏറ്റവും ചെലവ് കുറഞ്ഞ മാർഗങ്ങളിലൊന്നാണ് യന്ത്രവത്കൃത നടീലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുന്നോട്ടുപോകുന്ന യന്ത്രത്തിന്റെ പുറകിലായി നടീലിന് സാധ്യമായ മൈക്രോ വീലുകൾ ഘടിപ്പിക്കുന്ന യന്ത്ര സംവിധാനമാണിത്. ഞാറ് നടുന്നതിന് 8500 രൂപ മുതൽ 12,000 രൂപ വരെയാണ് ജില്ലയിൽ കൂലിച്ചെലവ്. യന്ത്രം ഉപയോഗിച്ചാണെങ്കില് ഇത് 6000 രൂപയായി കുറയ്ക്കാനാവും. തൊഴിലാളികൾക്ക് പരമാവധി 1.5 ഏക്കർ മാത്രമേ വിത്ത് നടാൻ സാധിക്കൂവെങ്കിൽ ഒരു മെഷീനിൽ മൂന്ന് ഏക്കറിൽ വരെ വിത്ത് നടാൻ സാധിക്കും.
മെഷീൻ നിയന്ത്രിക്കാൻ കൂടുതൽ പേരുടെ സഹായവും ആവശ്യമില്ല. ഒരേ വരിയിൽ ആയതിനാൽ കളപറിക്കലും എളുപ്പമാണ്. കൊയ്ത്തും വേഗത്തിൽ ചെയ്യാനാകും. കരയിൽ ഞാറ്റടി ട്രേയിൽ തയാറാക്കിയാൽ വെള്ളം പറ്റിച്ച ഉടനെ നടീൽ നടത്താം. ഇത് കാലാവസ്ഥാ വ്യതിയാനം മുലമുള്ള നഷ്ടവും കുറയ്ക്കും.
ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷയായി. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള, ഫാം സൂപ്രണ്ട് ടി.ടി. അരുൺ, അഗ്രികൾച്ചർ അസി. വി. വിഷ്ണു, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.