കാലിത്തീറ്റ വില വര്‍ധന: കുട്ടനാട്ടില്‍ ക്ഷീരോത്പാദനം കുറഞ്ഞു
1576641
Friday, July 18, 2025 3:24 AM IST
എടത്വ: കാലിത്തീറ്റയുടെ വിലവര്‍ധനയും പച്ചപുല്ലിന്റെ ക്ഷാമവും കുട്ടനാട്ടില്‍ ക്ഷീരോത്പാദനവും ഗണ്യമായി കുറഞ്ഞു. കുട്ടനാട്ടിലെ ഓരോ മില്‍മാ സഹകരണ സംഘങ്ങളിലും പ്രതിദിനം ആയിരക്കണക്കിന് പാല് അളന്നിരുന്ന സ്ഥാനത്ത് നാലിലൊന്നു പോലും അളക്കുന്നില്ല. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1300 രൂപ വില നല്‍കണം. പത്തു ലിറ്റര്‍ പാലളക്കുന്ന ഒരു പശുവിന് കുറഞ്ഞത് രണ്ടു ചാക്ക് കാലിത്തീറ്റയെങ്കിലും ഒരാഴ്ചയിലേക്കു വേണം.
പാലിന് 58 രൂപ ലിറ്ററിന് സര്‍ക്കാര്‍ പ്രഖ്യാപിത വിലയാണെങ്കിലും റീഡിംഗിന്റെ പേരിലുള്ള കുറവും സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനായുള്ള കുറവും കിഴിച്ചാല്‍ കര്‍ഷകര്‍ക്ക് ഉത്പന്നത്തിന് ന്യായമായ വില ലഭിക്കുന്നില്ല. 35 മുതല്‍ 45 രൂപയ്ക്കിടയിലുള്ള വിലയാണ് അധിക കര്‍ഷകര്‍ക്കും ലഭിക്കുന്നത്.
കൊയ്ത്തുമെതി യന്ത്രമുപയോഗിച്ച് വിളവെടുക്കുന്നതിനാല്‍ ഒരു സീസണിലേക്ക് ആവശ്യമായ വൈക്കോല്‍ സംഭരിച്ചുവയ്ക്കാനും കഴിയുന്നില്ല. കാലവര്‍ഷം ആരംഭിക്കുന്നതോടെ നിരന്തരമായ വെള്ളപ്പൊക്കം മൂലം പച്ചപുല്ലിന്റെ ലഭ്യതയും കുറഞ്ഞു.
വെള്ളപ്പൊക്ക സീസണുകളില്‍ ക്ഷീരമൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി. വെള്ളപ്പൊക്കമെത്തുന്നതോടെ നദികളില്‍ മണലും ചെളിയും നിറഞ്ഞ് സംഭരണ ശേഷി കുറഞ്ഞതോടെ വളരെ വേഗത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും കാലിത്തൊഴുത്തുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്യുന്നു.
ദുരിതബാധിതരായ ജനങ്ങളെ റവന്യുവകുപ്പ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെങ്കിലും ആടുമാടുകള്‍ ഉള്‍പ്പെടെയുള്ളവയെ സംരക്ഷിക്കാന്‍ സംവിധാനങ്ങളില്ലാത്തതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. മൃഗസംരക്ഷണത്തിന് കുട്ടനാട്ടില്‍ ഹൈടെക് കേറ്റില് ഷെഡ്ഡുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കുട്ടനാട്ടിലെ നെടുമുടി ചെമ്പുംപുറത്ത് ഒരെണ്ണം മാത്രമാണ് പ്രാവര്‍ത്തികമാക്കിയത്. പഞ്ചായത്തുകള്‍ തോറും ഇവ പ്രാവര്‍ത്തികമാക്കിയാല്‍ ഒരു പരിധിവരെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ക്ഷീരകര്‍ഷകരുടെ വെളിപ്പെടുത്തല്‍.
പരമ്പരാഗത കര്‍ഷകര്‍ കുറയുന്നതും പുതുതലമുറ ഈ രംഗത്തേക്കു വരാത്തതും ക്ഷീരമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതിനു പുറമേ കുളമ്പ് രോഗവും കാത്സ്യ ക്കുറവ് കാരണമോ അല്ലാതെയോ നാൽക്കാലികള്ക്ക് രോഗം വരുന്നതിനാല്‍ കര്‍ഷകര്‍ മാനസിക ബുദ്ധിമുട്ടിലാകുന്നുണ്ട്. ക്ഷീര കര്ഷകരട സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.