ഡ്രൈവർ നിയമനത്തിനു നടപടിയില്ല; മാവേലിക്കര നഗരസഭയുടെ ആംബുലന്‍സ് കിടപ്പുരോഗി:
1576644
Friday, July 18, 2025 3:24 AM IST
മാവേലിക്കര: നഗരസഭയില്‍ ആറ്റുനോറ്റുകിട്ടിയ ആംബുലന്‍സ് ഓടാതായിട്ട് നാലുമാസം. ഓട്ടം നിലച്ച് നഗരസഭാ ഓഫീസ് കെട്ടിടത്തിന് മുന്പില് വിശ്രമത്തിലാണ് ഈ വാഹനം.
എംപ്ലോയ്മെന്റില്നിന്നു ലഭിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തിയ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തുടര്‍ നടപടി സ്വീകരിക്കേണ്ട സെക്ഷനിലെത്തിയില്ലെന്ന കാരണത്താലാണ് ആംബുലന്‍സിന്റെ ഓട്ടം മുടങ്ങിയത്.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ 2019-20 വര്‍ഷത്തെ ഫണ്ടില്‍നിന്ന് ലഭിച്ച ആബുലന്‍സ് നിരവധി കടമ്പകള്‍ കടന്നാണ് 2024ല്‍ നഗരസഭയ്ക്ക് സ്വന്തമായത്. അന്ന് ആംബുലന്‍സിന് ഫണ്ട് അനുവദിച്ചിട്ടും ലഭിക്കാതിരിക്കാനുള്ള നിയമക്കുരുക്ക് നഗരസഭ ഏറെ പണിപ്പെട്ടാണ് അഴിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് എംപി 25 ലക്ഷം രൂപയാണ് ഈ ബേസിക് സപ്പോര്‍ട്ട് ആംബുലന്‍സിനായി അനുവദിച്ചത്. അന്ന് എംപ്ലോയിമെന്റില്നിന്ന് ലിസ്റ്റ് എടുത്ത് ഇന്റര്‍വ്യൂ നടത്തി രണ്ട് ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍, ഇവര്‍ മറ്റ് ജോലികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അഭിമുഖം നടത്തി തയാറാക്കിയ മാര്‍ക്ക് ലിസ്റ്റ് നഗരസഭയില്‍നിന്ന് കാണാതായതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.
എട്ടുമാസങ്ങള്‍ക്ക് മുന്‍പ് കെ.വി. ശ്രീകുമാര്‍ ചെയര്‍മാനായി ഇരിക്കുമ്പോഴായിരുന്നു അഭിമുഖം നടന്നത്. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ സെക്ഷനില്‍ എത്തിയിട്ടില്ലയെന്നും ലിസ്റ്റ് ലഭിക്കാതെ നിയമനം നടത്താന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന അടിയന്തര കൗണ്‍സിലില്‍ ഉണ്ടായ ചോദ്യത്തിന് ഉത്തരമായായിരുന്നു ഉദ്യോഗസ്ഥര്‍ ഈ വിവരം വിശദീകരിച്ചത്. എന്നാല്‍, മുന്‍ ചെയര്മാന് അപ്പോള്‍ തന്നെ ഈ ലിസ്റ്റ് സെക്ഷനിലേക്ക് ഉദ്യോഗസ്ഥ വഴി കൊടുത്തുവിട്ടിരുന്നതായും കൗണ്‍സിലില്‍ പറഞ്ഞു. ഇത് ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കും കാരണമായി.
കേവലം 12,687 കിലോമീറ്റര്‍ മാത്രമാണ് ആംബുലന്‍സ് സര്‍വീസ് നടത്തിയിരിക്കുന്നത്. നഗരസഭയിലെ താത്കാലിക ഡ്രൈവര്‍മാരെ ഉപയോഗിച്ച് നാലുമാസം മുന്‍പ് വരെ ആംബുലന്‍സിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും പിന്നീട് ഓടാതെയായി. നാലു മാസമായി ഒട്ടം നിലച്ച് നഗരസഭ കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി മഴയും വെയിലുമേറ്റ് കിടക്കുകയാണ് ആംബുലന്‍സ്. ആംബുലന്‍സിന് ജില്ലാ ആശുപത്രിയില്‍ പാര്‍ക്ക് ചയ്ത് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കിയിരുന്നു. വണ്ടാനം- കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ എത്തിക്കുന്നതിന് കേവലം 1200 രൂപയാണ് ഈടാക്കിയിരുന്നത്.
പ്രൈവറ്റ് ആംബുലന്‍സുകള്‍ വണ്ടാനം-കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് പോകുന്നതിന് 2000 മുതല്‍ മുകളിലേക്ക് തുക ഈടാക്കുമ്പോഴായിരുന്നു പാവപ്പെട്ട രോഗികള്ക്കയുള്ള നഗരഭയുടെ ഈ കരുതല്‍.
എന്നാല്‍, പാവപ്പെട്ട രോഗികളെ വലച്ചുകൊണ്ടാണ് നാലുമാസങ്ങള്‍ക്ക് മുന്‍പ് പൊടുന്നനെ നഗരസഭ ആംബുലന്‍സ് സര്‍വീസ് നിര്‍ത്തിക്കളഞ്ഞത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ലിസ്റ്റ് പുനര്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്മാന് നൈനാന് സി. കുട്ടിശേരി പറഞ്ഞു.