പരുമലപ്പള്ളി-പനയനാർക്കാവ് റോഡ് തകർന്നു
1576960
Friday, July 18, 2025 11:34 PM IST
മാന്നാര്‍: പ്രസിദ്ധമായ രണ്ട് ആരാധനാലയങ്ങളിലേക്കുള്ള പരുമലപ്പള്ളി - പനയന്നാര്‍ക്കാവ് റോഡ് തകര്‍ന്നു കിടന്നിട്ട് വര്‍ഷങ്ങളായി. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും അടക്കം നൂറു കണക്കിനാളുകള്‍ ഉപയോഗിക്കുന്ന പ്രധാന റോഡാണ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്.
ഈ റോഡിന്റെ വശങ്ങളിലായി നിരവധി വീട്ടുകാരും താമസിക്കുന്നുണ്ട്. ഇവരും മാന്നാര്‍ ടൗണിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകാനും ആശ്രയിക്കുന്നത് രണ്ടര കിലോമീറ്ററോളം വരുന്ന ഈ റോഡിനെയാണ്. സരസകവീശ്വരം എസ്എന്‍ഡിപി ഗുരുക്ഷേത്രം, സെന്റ് സെബാസ്റ്റ്യന്‍സ് കുരിശടി, കുറുമ്പേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവ ഈ റോഡിന്റെ വശങ്ങളിലാണ്.
വളരെയേറെ പ്രാധാന്യമുള്ള റോഡാണ് ഇത്തരത്തില്‍ തകര്‍ന്നുകിടക്കുന്നത്. ഇതിനൊപ്പം റോഡിന്റെ ഇരുവശങ്ങളും കാടുകയറി കിടക്കുന്നതിനാല്‍ ഭയപ്പാടില്‍ മാത്രമേ ഇതിലൂടെ യാത്ര ചെയ്യാന്‍ കഴിയൂ.
കഴിഞ്ഞ പരുമല പെരുന്നാളിനാണ് പള്ളിയില്‍നിന്നു പണം മുടക്കി ഈ റോഡിലെ തകര്‍ന്ന ഭാഗം താത്കാലികമായി നിര്‍മിക്കുകയും വശങ്ങളിലെ കാടുകള്‍ തെളിക്കുകയും ചെയ്തത്.
പിന്നീട് വീണ്ടും റോഡ് കുണ്ടും കുഴിയുമായി. ഇപ്പോള്‍ ഒരു തരത്തിലും യാത്ര ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ റോഡ് തകര്‍ന്നുകിടക്കുകയാണ്.
റോഡ് പുനര്‍നിര്‍മിക്കണം
പരുമല: ഗതാഗതം ദുഷ്കരമായ രീതിയില്‍ തകര്‍ന്നു കിടക്കുന്ന പരുമലപ്പള്ളി - പനയന്നാര്‍ക്കാവ് റോഡ് ലോകോത്തര നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് റെഡ്സ്റ്റാര്‍ കലാ-സാംസ്കാരിക വേദി ആവശ്യപ്പെട്ടു. റോഡ് പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് രക്ഷാധികാരി ഡൊമിനിക് ജോസഫ് പറഞ്ഞു.