കെപിപിഎല്ലിനു മുന്നിൽ ഉപവാസസമരം നടത്തി
1575947
Tuesday, July 15, 2025 7:35 AM IST
വെള്ളൂർ: കേരള സർക്കാർ സ്ഥാപനമായ കെപിപിഎല്ലിൽ ജോലി ചെയ്യുന്ന എച്ച്എൻഎല്ലിലെ മുൻ ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളോടുള്ള അവഗണനയും മാനേജ്മെന്റെ തൊഴിലാളിവിരുദ്ധനിലപാടും അവസാനിപ്പിച്ചില്ലെങ്കിൽ കോൺഗ്രസും ഐഎൻടിയുസിയും തൊഴിലാളി സമരം ഏറ്റെടുക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റെ ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
സർക്കാരിന്റെ അവഗണനയ്ക്കെതിരേയും മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരേയും കെപിപിഎൽ ഐഎൻടിയുസി യൂണിയന്റെ നേതൃത്വത്തിൽ കെപിപിഎല്ലിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വർക്കേഴ്സ് അസോസിയേഷൻ ഐഎൻടിയുസി ജനറൽ സെക്രട്ടറി കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിമാരായ എം.വി. മനോജ്, പി.വി. പ്രസാദ്, ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ, എം.എൻ. ദിവാകരൻനായർ, എസ്.എസ്. മുരളി, വി.ടി. ജയിംസ്, പി.എസ്. ബാബു, വി.സി. ജോഷി, സുജിത്ത് സുരേന്ദ്രൻ, അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.