ജനറല്‍ ആശുപത്രിയിലെ പൊടിശല്യം ; നിര്‍മാണം നടക്കുന്ന ഭാഗം നെറ്റ് കെട്ടി മറയ്ക്കും
1575959
Tuesday, July 15, 2025 7:35 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ കെട്ടിടനിര്‍മാണം നടക്കുന്ന ഭാഗത്ത് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന പൊടിശല്യം പരിഹരിക്കാന്‍ നെറ്റ് സ്ഥാപിക്കാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
അമ്മയും കുഞ്ഞും ബ്ലോക്ക്, ഐസൊലേഷന്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പൊടിശല്യം രൂക്ഷമായിരിക്കുന്നത്. ആശുപത്രി വികസനസമിതിയംഗം കെ.എന്‍. മുഹമ്മദ് സിയയാണ് വിഷയം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ജോബ് മൈക്കിള്‍ എംഎല്‍എ ആശുപത്രി സൂപ്രണ്ടിനു നിര്‍ദേശം നല്കി.
നിര്‍മാണം നടക്കുന്ന ഭാഗം പൂര്‍ണമായും അടച്ചിടാനും നെറ്റ് കെട്ടി മറക്കാനും യോഗത്തില്‍ ധാരണയായി. എച്ച്എംസി നിയമിച്ച ആശുപത്രി ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തുമ്പോള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് ജോസുകുട്ടി നെടുമുടി ആവശ്യപ്പെട്ടു. ഈ ആവശ്യവും യോഗം അംഗീകരിച്ചു.
ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി വെക്റ്റര്‍ കണ്ട്രോള് യൂണിറ്റ് കെട്ടിടം പൊളിച്ചുമാറ്റാനും മെറ്റേണിറ്റി വാര്‍ഡിന്റെ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണജോലികള്‍ ഉടനെ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് യോഗം പിരിച്ചുവിടുന്നതായി അധ്യക്ഷത വഹിച്ച മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് പറഞ്ഞതിനെ പി.എച്ച്. നാസര്‍ ചോദ്യംചെയ്തത് തര്‍ക്കത്തിനിടയാക്കി. വൈസ് ചെയർമാന് മാത്യൂസ് ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീദ, പി.എന്‍. നൗഷാദ്, കെ.ടി. തോമസ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജയിംസ് കാലാവടക്കന്‍, സാബു കോയിപ്പള്ളി, കെ.ടി. തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.