ചുവട് ദ്രവിച്ച പാഴ്മരങ്ങള്‍ ഭീഷണിയായി
1575952
Tuesday, July 15, 2025 7:35 AM IST
കടുത്തുരുത്തി: പ്രധാന റോഡിന്റെ വശങ്ങളില് ചുവട് ദ്രവിച്ചു നില്ക്കുന്ന പാഴ്മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. വാഹനത്തിരക്കേറിയ ഏറ്റുമാനൂര്‍-വൈക്കം റോഡ് കടന്നു പോകുന്ന കടുത്തുരുത്തി, മാഞ്ഞൂര്‍, കാണക്കാരി പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം ഇത്തരത്തില്‍ അപകടാവസ്ഥയിലുള്ള നിരവധി മരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിനീക്കണമെന്ന ആവശ്യവുമായി കടുത്തുരുത്തി പഞ്ചായത്ത് പ്രമേയം പാസാക്കി സമര്പ്പിച്ചിട്ടുള്ളതാണെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് പറഞ്ഞു.
ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കാണക്കാരി ഗവണ്മെന്റ് സ്കൂളിന് മുന്‍വശത്തായി നില്ക്കുന്ന പാഴ്മരം വൈദ്യുതി ലൈനില്‍ തട്ടിയാണ് സ്ഥിതി ചെയ്യുന്നത്. മരത്തിലൂടെ വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യതയുള്ളത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. നടപ്പാതയും മരം കവര്‍ന്നതോടെ പ്രദേശം ചെളിക്കുളമായി മാറിയിരിക്കുകയാണ്. കൊച്ചുകുട്ടികളടക്കം നിരവധി വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന പ്രധാന റോഡിലെ ഈ ഭാഗം കാല്‍നടയാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധമാണ് ഏറെക്കാലമായി കിടക്കുന്നത്.
എല്‍കെജി മുതല്‍ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന നൂറുകണക്കിനു കുട്ടികളാണ് പതിവായി ഇതുവഴി കടന്നുപോകുന്നത്. അപകടസാധ്യത ഒഴിവാക്കുന്നതിനായി മരം വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയതായി പഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന് പറഞ്ഞു.