മെഡിക്കൽ കോളജിലെ ഇടിഞ്ഞുവീണ കെട്ടിടം പൂർണമായി പൊളിക്കണം
1575965
Tuesday, July 15, 2025 7:35 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടിഞ്ഞുവീണ കെട്ടിടഭാഗത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്.
14-ാം വാർഡിന്റെ ശുചിമുറിഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ ബിന്ദു മരിച്ചതോടെയാണ് രോഗികളുടെയും ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയിലേക്ക് ഈ കെട്ടിടത്തിന്റെ ശോച്യാവസ്ഥ എത്തുന്നത്.
കാലപ്പഴക്കത്തെത്തുടർന്ന് ഈ കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്നു മുമ്പ് കണ്ടെത്തിയിരുന്നതാണെങ്കിലും വേണ്ടത്ര ഗൗരവത്തോടെ കാണാതിരുന്നതാണ് ഒരാളുടെ മരണത്തിനിടയാക്കിയത്. കെട്ടിടം തകർന്നുവീണ് ബിന്ദു മരണപ്പെട്ടതോടെ ഈ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾകൂടി ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിലാണ് അടുത്ത വാർഡുകളിൽ താമസിക്കുന്ന രോഗികൾ. കാറ്റും മഴയും വരുമ്പോൾ വലിയ ഭയത്തിലാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
നിലവിൽ ഇടിഞ്ഞുവീണ കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെ പുതിയ സർജിക്കൽ ബ്ലോക്കിൽ പ്രവേശിപ്പിച്ചിക്കുകയാണ്. കാലപ്പഴം ചെന്ന ഈ കെട്ടിടം വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നതിന് മുമ്പേ പൊളിച്ചുനീക്കണമെന്ന് വിവിധ സാമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിഡബ്ല്യുഡിയാണ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതെന്ന് അശുപത്രി അധികൃതർ പറയുന്നു.