കാരുണ്യസംസ്കാരം വളരാന്‍ നാട് ഒന്നിക്കണം: മാര്‍ തോമസ് തറയില്‍
1575960
Tuesday, July 15, 2025 7:35 AM IST
ചങ്ങനാശേരി: പരസ്പരം സഹായിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന കാരുണ്യത്തിന്റെ സംസ്കാരം വളരാന്‍ നമ്മുടെ സമൂഹം ഒന്നിച്ച് പരിശ്രമിക്കണമെന്നും ഇക്കാര്യത്തില്‍ ചാരിറ്റി വേള്‍ഡ് പോലുള്ള പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. റേഡിയോ മീഡിയാ വില്ലേജിന്റെ ജീവകാരുണ്യ സംഘടനയായ ചാരിറ്റി വേള്‍ഡിന്റെ 10-ാം വാര്‍ഷികാഘോഷങ്ങള്‍ മീഡിയാ വില്ലേജ് തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
പുതിയ അഞ്ചിന കര്‍മപദ്ധതികളുടെ ലോഗോ പ്രകാശനം സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഡോ. ജോര്‍ജ് പടനിലം, ഫാ. ലിപിന്‍ തുണ്ടുകളം എന്നിവര്‍ക്ക് നല്കി മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ചാരിറ്റി വേള്‍ഡ് ട്രസ്റ്റ് മെംബര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി മുഖ്യപ്രഭാഷണം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ, ഹരികുമാര്‍ കോയിക്കല്‍, ഗിരീഷ് കോനാട്ട്, എച്ച്. മുസമ്മില്‍ ഹാജി, ഫാ. ജോഫി പുതുപ്പറമ്പ്, വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി പ്രഖ്യാപിച്ച അഞ്ചിന കര്‍മപദ്ധതി ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പരിപാടികളോട് സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ 9496935651 എന്ന നമ്പരില്‍ വിളിക്കണമെന്ന് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അറിയിച്ചു.