വനംവകുപ്പിന്റെ വാഹനങ്ങൾ റോഡിൽ തടയും: കത്തോലിക്കാ കോണ്ഗ്രസ്
1575899
Tuesday, July 15, 2025 6:54 AM IST
കോതമംഗലം : നാടിന്റെ സമഗ്ര വളർച്ചയ്ക്കും പൊതുഗതാഗത വികസനത്തിനും തുരങ്കം വയ്ക്കുന്ന വനംവകുപ്പിന്റെയും കപട പരിസ്ഥിതി വാദികളുടെയും ജനദ്രോഹനിലപാട് തുടർന്നാൽ വനം വകുപ്പിന്റെ വാഹനങ്ങൾ റോഡിൽ തടയേണ്ടി വരുമെന്ന് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി. ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ റോഡ് വികസനം തടസപ്പെടാൻ ഇടയാക്കിയ ആസൂത്രിത ഗൂഢാലോചന റിപ്പോർട്ട് പോലുള്ള ധാർഷ്ട്യം തുടരാൻ ഇനിയും അനുവദിക്കാനാവില്ല.
നിരന്തരമായി ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാകുന്ന നേര്യമംഗലം - വാളറ മേഖലയിൽ റോഡ് വികസിപ്പിക്കേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ നിലപാടെങ്കിൽ ആ റോഡിലൂടെ വനം വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കേണ്ടതില്ലെന്ന് പൊതുജനം തീരുമാനിക്കും.
ആഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ള വനംവകുപ്പിന്റെ നിരവധി വാഹനങ്ങൾ ദിനംപ്രതി ഈ വഴിയിലൂടെ ഓടുന്നുണ്ട്. റോഡ് ആവശ്യമില്ലാത്തവർ കാട്ടിലൂടെ നടന്നു പോയാൽ മതിയെന്ന് നിലപാടെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. സമാന ചിന്താഗതിയുള്ള സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് വനംവകുപ്പിന്റെ ജനദ്രോഹ നടപടികളെ ചെറുക്കുമെന്ന് കത്തോലിക്കാ കോണ്ഗ്രസ് അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ജനദ്രോഹ നിലപാട് സ്വീകരിക്കുന്പോൾ ഭരണ നേതൃത്വവും ജനപ്രതിനിധികളും എന്തെടുക്കുകയാണെന്ന് അറിയാൻ ജനത്തിന് താല്പര്യമുണ്ട്. വനം വകുപ്പുകാരെ കൊണ്ട് തെറ്റായ നിലപാടുകൾ തിരുത്തിക്കാനുള്ള ഇച്ഛാശക്തി ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ കാണിക്കണം.
രാഷ്ട്രീയ രംഗത്തും പരിസ്ഥിതി പ്രവർത്തനരംഗത്തും പൊതുപ്രവർത്തന മേഖലയിലുമുള്ള ചിലർ ചേർന്നുള്ള ഉപജാപക സംഘത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനം തിരിച്ചറിയണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, സി.എ. തോമസ്, യു.വി. ചാക്കോ, ബിന്ദു ജോസ്, മേരി ആന്റണി, ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, ജോർജ് മങ്ങാട്ട്, അബി കാഞ്ഞിരപ്പാറ, ജോണ് മുണ്ടൻകാവിൽ, ജോയ്സ് മേരി ആന്റണി, ബേബിച്ചൻ നിധീരിക്കൽ, ബെന്നി തോമസ്, ജോർജ് കുര്യാക്കോസ്, ജിനു ആന്റണി, ജോണി ജേക്കബ്, കെ.എം. ജോസഫ്, ഇ.ആർ. പൈലി, വി.ജെ. റോജോ, സനിൽ പി. ജോസ്, അമിതാ ജോണി, ജോസ് കുര്യൻ, റോയ് മാത്യു, അഞ്ചു ജോസ് എന്നിവർ പ്രസംഗിച്ചു.