ഗ്രാമങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് : പദ്ധതി ജില്ലയിൽ പാളി
1591233
Saturday, September 13, 2025 4:19 AM IST
സേവനം ഇനിയും ലഭിക്കേണ്ടത് മൂവായിരത്തിലേറെ വീടുകളില്‍
കൊച്ചി: ഗ്രാമീണ മേഖലകളിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം നടപ്പിലാക്കിയ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി പദ്ധതിയിലൂടെ സൗജന്യമായി ഇനിയും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാനുള്ളത് മൂവായിരത്തിലേറെ വീടുകളിൽ.
ജില്ലയിലെ 14 പഞ്ചായത്തുകളിലായി 5,463 വീടുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍, ഇതിൽ 2,145 വീടുകളിൽ മാത്രമാണ് ഇതുവരെ ഇന്റര്‍നെറ്റ് ലഭിച്ചത്. 3,318 വീടുകള്‍ക്ക് ഇനിയും ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കാനുണ്ട്.
ഒപ്ടിക്കല്‍ ഫൈബര്‍ വഴി 25 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ കാലടി (431), കുമ്പളങ്ങി (378), വരാപ്പുഴ (333), രായമംഗലം (265), മഞ്ഞള്ളൂര്‍ (142) പഞ്ചായത്തുകളിലെ വീടുകളിൽ 100നു മുകളില്‍ കണക്ഷനുകള്‍ നല്കിയപ്പോള് പുത്തന്‍വേലിക്കര (92), ഉദയംപേരൂര്‍(91), വാഴക്കുളം (57) പിണ്ടിമന(55) പഞ്ചായത്തുകളില്‍ 100ൽ താഴെ മാത്രമാണ് കണക്ഷനുകള്‍ നല്‍കാനായത്.
284 കണക്ഷനുകള്‍ നല്‍കേണ്ട തിരുമാറാടിയില്‍ ഒന്‍പതും, 533 കണക്ഷന് നല്‍കേണ്ട കോട്ടുവള്ളിയില്‍ എട്ടും, 397 കണക്ഷനുകള്‍ നല്‍കേണ്ട ഞാറയ്ക്കലില്‍ ഒരെണ്ണവുമാണ് നൽകിയിട്ടുള്ളത്. 266 കണക്ഷനുകള്‍ നല്‍കേണ്ട മുളവുകാട് പഞ്ചായത്തിൽ ഇതുവരെ ഒരു വീട്ടില്‍പോലും പദ്ധതിയിൽ ഇന്റര്‍നെറ്റ് ലഭ്യമാക്കിയിട്ടില്ല.
എന്നാൽ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ലക്ഷ്യമിട്ടതിനേക്കാള്‍ ഇരട്ടിയോളം കണക്ഷനുകള്‍ നല്‍കാനായി. 70 വീതം കണക്ഷനുകള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 167 സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, 118 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കണക്ഷന് നല്കി.
വീടുകളുടെ കാര്യത്തില്‍ പിന്നോട്ട് പോയതിന് പിന്നില്‍ ആളുകളിലേക്ക് പദ്ധതിയുടെ വിവരങ്ങള്‍ കൃത്യമായി എത്താത്തതാണ് കാരണമെന്ന് കേരളത്തില്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ (എല്‍എസ്എ) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബെന്നി ചിന്നപ്പന് പറഞ്ഞു.
ബിഎസ്എന്‍എലിന്റെ ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് പദ്ധതി വഴി നല്‍കുന്നത്. ഒരു ബ്ലോക്കില്‍ ഒരു പഞ്ചായത്ത് എന്ന നിലയില്‍ കേരളത്തില്‍ ആകെ 148 പഞ്ചായത്തുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.