ഗോശ്രീ ബസുകളുടെ നഗരപ്രവേശനം: പ്രഖ്യാപിച്ച പെർമിറ്റുകൾ ഉടൻ അനുവദിക്കണമെന്ന്
1591241
Saturday, September 13, 2025 4:19 AM IST
വൈപ്പിൻ: ഗോശ്രീ മേഖലയിലെ 23 സ്വകാര്യ ബസുകൾക്ക് ഉടൻ നഗരപ്രവേശത്തിന് പെർമിറ്റ് അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്പെഷൽ ആർടിഎ ബോർഡ് മീറ്റിംഗിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷ സമിതി ആവശ്യപ്പെട്ടു.
നിലവിൽ പെർമിറ്റ് അനുവദിച്ച കുടുങ്ങാശേരി-കാക്കനാട്, അയ്യമ്പിള്ളി-കലൂർ, എടവനക്കാട്-വൈറ്റില ഹബ് തുടങ്ങി നാലു ബസുകൾക്ക് ആർടിഒ സമയക്രമം നൽകാത്തതിനാൽ ഇനിയും സർവീസ് ആരംഭിക്കാൻ ആയിട്ടില്ല.
പേരിന് അഞ്ച് ബസുകൾക്കു മാത്രമേ പെർമിറ്റും സമയക്രമവും നൽകിയിട്ടുള്ളൂവെന്ന് സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പെർമിറ്റുകൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും ആർടിഒക്കും സമിതി കഴിഞ്ഞ ദിവസം നിവേദനം നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.