52 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
1591238
Saturday, September 13, 2025 4:19 AM IST
പനങ്ങാട്: 52 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് കുമ്പളം കേളന്തറ റോഡ് മാളിയേക്കൽ വീട്ടിൽ എം.പി ഡേവിസ് (58) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പനങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വിവിധ ബ്രാൻഡുകളിലുള്ള ഇന്ത്യൻ നിർമിത ഡിഫൻസ് ഒൺലി മദ്യം ഇയാളുടെ വീട്ടിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു.
കൊച്ചി നേവൽ ബേസിനടുത്ത് ഓട്ടോ ഡ്രൈവറായ ഡേവിസ് ഇവിടെ വരുന്ന വിമുക്ത ഭടൻമാരിൽനിന്ന് വില്പനയ്ക്കായി വാങ്ങി സൂക്ഷിച്ചതായിരുന്നു മദ്യം. മദ്യവും ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.