അങ്കമാലി മേഖലയിലെ ബസ് സമരത്തിൽനിന്നും യൂണിയനുകൾ പിന്മാറണമെന്ന് ബസുടമകൾ
1591248
Saturday, September 13, 2025 4:30 AM IST
അങ്കമാലി: വേതന വർധനവ് ആവശ്യപ്പെട്ട് അങ്കമാലിയിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന പണിമുടക്കിൽനിന്നും പിന്മാറണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്വകാര്യബസുകൾ വലിയ പ്രതിസന്ധിയിൽ ആണെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും യൂണിയനുകൾ തമ്മിലുള്ള കിടമത്സരം കൊണ്ടാണ് പ്രശ്നപരിഹാരം നീളുന്നതെന്ന് ബസുടമകൾ പറയുന്നു.
13 വർഷമായി വിദ്യാർഥികളുടെ തുച്ഛമായ ഒരു രൂപ മിനിമം ചാർജ് എന്നത് വർധിപ്പിക്കാൻ കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തിവരികയാണെന്നും വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാത്തതിനാൽ തങ്ങൾ പ്രതിസന്ധിയിലാണെന്നും അസോ. ഭാരവാഹികൾ പറയുന്നു.
കൂലി വർധന നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അങ്കമാലിയിലെയും കാലടിയിലെയും വൻ ഗതാഗതക്കുരുക്ക് മൂലം ട്രിപ്പുകൾ പൂർത്തിയാക്കാൻ കഴിയാത്തതും വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനയും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
അന്യസംസ്ഥാന തൊഴിലാളികൾ ഉള്ളതുകൊണ്ട് മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാരെ ഇപ്പോൾ കിട്ടുന്നതെന്നാണ് ബസുടമകൾ പറയുന്നത്. യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലെല്ലാം വിദ്യാർഥികളുടെ ടിക്കറ്റ് ചാർജിൽ വർധന വരുത്തിയാൽ മാത്രമേ ബസ് വ്യവസായം നിലനിർത്താനും എന്നും വേതനം വർധിപ്പിക്കാനും കഴിയുകയുള്ളുവെന്നും അറിയിച്ചിട്ടുള്ളതായി അസോസിയേഷൻ ഭാരവാഹികളായ എ.പി. ജിബി, ബി.ഒ. ഡേവിസ്, കെ.സി. വിക്ടർ എന്നിവർ അറിയിച്ചു.