മലിനജലം കുളത്തിൽ തള്ളി; മത്സ്യങ്ങളും ജലജീവികളും ചത്തുപൊങ്ങി
1591235
Saturday, September 13, 2025 4:19 AM IST
അരൂർ: ജലസംഭരണിയിലെ മലിനജലം ഒഴുക്കിയതിനെ തുടർന്ന് കുളത്തിലെ മത്സ്യങ്ങളും ജലജീവികളും ചത്തുപൊങ്ങി. അരൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള മാനവീയം പാർക്കിലെ കുളത്തിലാണ് മലിനജലം ഒഴുക്കിയത്. ത്രിതല പഞ്ചായത്ത് ഒരു കോടി 25 ലക്ഷം ചെലവഴിച്ചാണ് പാർക്കും ചുറ്റും കൽപ്പടവുകൾ കെട്ടി കുളവും നിർമിച്ചത്.
ടാങ്കിൽ അടിഞ്ഞുകൂടിയ ചെളിയും ക്ലോറിൻ ഉൾപ്പെടെയുള്ള രാസമാലിന്യവും കലർന്ന മലിന ജലം കുളത്തിൽ ഒഴുക്കിയതിനാൽ കുളം ചുവന്ന് കലങ്ങിയ സ്ഥിതിയിലാണ്. വ്യാഴാഴ്ച രാത്രിയാണ് അടിയന്തരമായി ജല സംഭരണി ശുചീകരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ ജലസംഭരണികളും ശുചീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.