കച്ചേരിത്താഴത്തെ ഗര്‍ത്തം അടയ്ക്കൽ : മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിച്ചു
1591256
Saturday, September 13, 2025 4:45 AM IST
മൂവാറ്റുപുഴ: വിദഗ്ധ പരിശോധനകള്‍ക്കും അന്തിമ റിപ്പോര്‍ട്ടിനും ശേഷം മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗര്‍ത്തം മൂടുന്നതിന് മുന്നോടിയായുള്ള പ്രവൃത്തികൾ ആരംഭിച്ചു.
ഗര്‍ത്തം എങ്ങനെ മൂടണം എന്നതിനെക്കുറിച്ചും ഇതിനുള്ള തുക സംബന്ധിച്ചും കഴിഞ്ഞ ദിവസം മാത്യു കുഴല്നാടന് എംഎല്‍എയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു നടന്ന കിഫ്ബി യോഗത്തില്‍ ധാരണയായി.
കിഫ്ബി നിര്‍ദേശം അനുസരിച്ചാകും കുഴി മൂടുക. ഗര്‍ത്തം മൂടുന്നതിനു മുന്‍പായി ബലക്ഷയം സംഭവിച്ച കല്ക്കെട്ടുകൊണ്ടുള്ള പഴയ ഓവുചാൽ പൂര്‍ണമായും അടച്ചുപൂട്ടാനും തീരുമാനമായി.
കുഴിയില്‍ കണ്ടെത്തിയ പഴയ ഓവുചാലുകൾക്ക് പകരം റോഡരികിലൂടെ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി കുഴിയുടെ സമീപത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള മറ്റൊരു കുഴി കുഴിച്ചു.
കച്ചേരിത്താഴത്ത് ജനത റോഡിനു ശേഷമുള്ള ഭാഗം പൂര്‍ണമായി അടച്ച ശേഷമാണ് കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചത്. പഴയ ഓവുചാലുകൾ ഒഴിവാക്കുന്നതിനാല്‍ റോഡിന്റെ ഇരുവശത്തും പുതിയതായി നിര്‍മിച്ചിരിക്കുന്ന പ്രീ കാസ്റ്റ് ഡക്റ്റ് വഴിയുള്ള ഓവുചാലിന്റെ തുടര്‍ച്ചയായി പുഴയിലേക്ക് പുതിയ ഓവുചാലുകളുടെ നിര്‍മാണവും ആരംഭിച്ചു.
റോഡിന്റെ ഒരു ഭാഗത്ത് രാജേശ്വരി ഹോട്ടലിനു മുന്‍പില്‍നിന്ന് കാന നേരേ പുഴയിലേക്ക് എത്തിക്കും. മറുവശത്ത് നഗരസഭ ഓഫിസിന്റെ അരികിലൂടെ പുഴയിലേക്ക് കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിക്കും. ഇതിനുള്ള അനുമതി നഗരസഭ നല്‍കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് കാനകള്‍ ബന്ധിപ്പിച്ച ശേഷമായിരിക്കും വലിയ ഗര്‍ത്തം മൂടുന്ന ജോലികള്‍ ആരംഭിക്കുക.