മാർക്കറ്റിഗ് സൊസൈറ്റി പ്രവർത്തനം തുടങ്ങി
1591261
Saturday, September 13, 2025 4:45 AM IST
തിരുമാറാടി: പാമ്പാക്കുട ബ്ലോക്ക് പരിധിയിലെ കൃഷിക്കാരെ സംഘടിപ്പിച്ച് മലർവാടി ഫാർമേഴ്സ് പ്രൊഡ്യൂസർ കോ–ഓപ്പറേറ്റീവ് മാർക്കറ്റിഗ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു.
കാക്കൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എൻസിഡിസി, മാർക്കറ്റ് ഫെഡ് സഹകരണത്തോടെയാണ് സൊസൈറ്റിയുടെ പ്രവർത്തനം നടക്കുക. ശാസ്ത്ര നേട്ടങ്ങൾ കാർഷിക മേഖലയിൽ പ്രയോഗിച്ച് ഉത്പാദനം വർധിപ്പിക്കുക, കാർഷിക വിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിപണനം ചെയ്യുക തുടങ്ങിയവയാണ് സൊസൈറ്റിയുടെ ലക്ഷ്യം.
സൊസൈറ്റി പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. മാർക്കറ്റ് ഫെഡ് പ്രൊജക്ട് കോഡിനേറ്റർ വി.ജി.കണ്ണൻ പദ്ധതി വിശദീകരിച്ചു. കാസ്കോ കമ്പനിയുടെ സോളാർ പാനൽ കമീഷനിംഗ് സഹകരണ അസി. രജിസ്ട്രാർ ജെയ്മോൻ യു. ചെറിയാൻ നിർവഹിച്ചു.
കർഷിക സെമിനാർ പ്രഫ. കെ.പി. സുധീർ ഉദ്ഘാടനം ചെയ്തു. മൂല്യവർദ്ധിത ഉൽപ്പാദന രംഗത്ത് എൻസിഡിസിയുടെ പങ്കെന്ന വിഷയത്തിൽ എൻസിഡിസി അസി.ഡയറക്ടർ ശങ്കര നാരായണൻ ക്ലാസ് നയിച്ചു.
മുൻ എംഎൽഎ എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, വർഗീസ് മാണി, സി.വി. ജോയി, സി.എം. വാസു, ബാങ്ക് സെക്രട്ടറി എം.ആർ. ബിജു, കൃഷി ഓഫിസർ സി.ഡി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.