വധശ്രമം: മലയാറ്റൂർ സ്വദേശിക്ക് 24 വർഷം കഠിന തടവ്
1591234
Saturday, September 13, 2025 4:19 AM IST
പെരുമ്പാവൂർ: വധശ്രമ കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും വിധിച്ച് പെരുമ്പാവൂർ കോടതി. മലയാറ്റൂർ കാടപ്പാറ സ്വദേശി വെട്ടിക്ക വീട്ടിൽ ലൂണ മനോജ് എന്നറിയപ്പെടുന്ന മനോജിനെയാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതി 24 വർഷം കഠിന തടവിനും ഒന്നര ലക്ഷം പിഴയൊടുക്കാനും വിധിച്ചത്. കാടപ്പാറ സ്വദേശി മണിയാട്ട വീട്ടിൽ റിതിൻ രാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി.
2016 സെപ്റ്റംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വിവാഹത്തിന്റെ തലേദിവസത്തെ ചടങ്ങിൽ പങ്കെടുക്കുന്നതിന് മലയാറ്റൂർ മന്ത്രിമുക്കിനു സമീപത്തെ വീട്ടിലെത്തിയപ്പോൾ ആണ് കൊലപാതക ശ്രമം നടന്നത്. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.
2014ൽ അങ്കമാലി - കാലടി റൂട്ടിലെ സ്വകാര്യ ബസിലെ ഡോർ ചെക്കറായിരുന്ന റിതിൻ രാജിനെ മുൻവൈരാഗ്യത്തിന്റെ പേരിൽ വാളിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ റിതിൻ ഒഴിഞ്ഞുമാറുന്നതിനിടെ വെട്ടേറ്റ് തൃക്കാക്കര കാർഡിനൽ ഹൈസ്ക്കൂളിലെ പ്രധാനാധ്യാപികയുടെ തലയ്ക്കും തോളിനും പരിക്കേറ്റിരുന്നു.
പറവൂർ കോടതിയിലെ വിചാരണയ്ക്കിടെ പ്രതികളുടെ ഭീക്ഷണിയെ തുടർന്ന് അധ്യാപിക പോലീസിനു നൽകിയ മൊഴി കോടതിയിൽ മാറ്റി. എന്നാൽ കേസിൽ സാക്ഷിയായിരുന്ന റിതിൻ രാജ് പ്രതികൾക്കെതിരെ കോടതിയിൽ മൊഴി നൽകി. ഇതോടെ കേസിൽ പ്രതികളെ 10 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു.
അപ്പീൽ കോടതിയിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും റിതിൽ രാജിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കമ്പിവടിക്ക് അടിച്ച് വീഴ്ത്തി കത്തികൊണ്ടുള്ള ആക്രമണത്തിൽ റിജിൻ രാജിന്റെ നട്ടെല്ലിന് പൊട്ടലേൽക്കുകയും സ്പൈനൽ കോഡിനും കിഡ്നിക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. നടുവിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട റിതിൻ രാജിന്റെ ജീവിതം വീൽചെയറിലുമായി.
പെരുമ്പാവൂർ അഡീഷണൽ സെഷൻസ് കോടതിയിൽ കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റ് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായ മനോജ് ഒളിവിൽ പോയതിനെത്തുടർന്ന് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി പുനർവിചാരണ നടത്തുകയായിരുന്നു. ജഡ്ജി ആനി വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സർക്കാർ ഭാഗത്തിനു വേണ്ടി അഡീഷ്ണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി ശ്രീകുമാർ ഹാജറായി.