നടക്കാവ് റെയിൽവേ മേൽപ്പാലം ഉടൻ പൂർത്തിയാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
1561532
Thursday, May 22, 2025 1:52 AM IST
പാലക്കാട്: അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം ഉടൻ പൂർത്തിയാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. റെയിൽവേയുടെ ഭാഗത്തുനിന്ന് പ്രവർത്തനം വേഗതയിൽ ആക്കുമെന്നും അടുത്ത ആഴ്ച പാലത്തിനാവശ്യമായ ഗർഡറുകൾ സ്ഥാപിക്കുമെന്നും ഡിആർഎമ്മുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായും എംപി പറഞ്ഞു.
കഴിഞ്ഞ ആഴ്ച റെയിൽവേ ജനറൽ മാനേജർ വിളിച്ചുകൂട്ടിയ യോഗത്തിൽ നിർമാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയപ്പോൾ ഗർഡറുകൾ സ്ഥാപിച്ച ഉടൻ പാലത്തിന് മുകളിലൂടെയുള്ള റോഡ് നിർമാണവും പൂർത്തീകരിക്കുമെന്ന് റെയിൽവേ അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചിരുന്നു. പ്രദേശവാസികളും നാട്ടുകാരും നിർമാണം വൈകുന്നതിലെ ആശങ്ക അറിയിച്ചതിനെ തുടർന്ന് എംപി നേരിട്ട് എത്തുകയും ജനങ്ങളോട് വിശദീകരിക്കുകയും ചെയ്തു.
തന്റെ ഇടപെടൽ സജീവമായി ഉണ്ടാവുമെന്നും ഉറപ്പ് നൽകി. നടക്കാവ് മേൽപ്പാലം ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ കെ. ശിവരാജേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ഇ. അശോക് കുമാർ, പി. പ്രീത, എം.വി. രാമചന്ദ്രൻ നായർ, നിതീഷ്, എസ്. ശിവരാമൻ, മുകുന്ദസ്വാമി, മോഹൻദാസ് നടക്കാവ്, സജികുട്ടൻ, കെ.എം. സുരേഷ്കുമാർ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.