ഉയരങ്ങളിലെത്തിയാലും മനുഷ്യത്വം കൈവിടാത്തതു യഥാർഥമൂല്യം: വി.കെ. ശ്രീകണ്ഠൻ എംപി
1563914
Sunday, June 1, 2025 1:25 AM IST
പാലക്കാട്: പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച് മുന്നേറിയവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്നും ഏതു പദവികളിലെത്തിയാലും മനുഷ്യത്വം കൈവിടാതിരിക്കുന്നതാണ് യഥാർഥമൂല്യമെന്നും വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട് ജില്ലയിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും ഉന്നതവിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന ദീപിക ആദരം 2025 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
കഠിനാധ്വാനത്തിലൂടെയും സത്യസന്ധമായ പ്രവർത്തനത്തിലൂടെയും ആത്മാർഥമായ പരിശ്രമത്തിലൂടെയും വിജയിച്ചുവന്ന വിദ്യാർഥികളെ മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രമായ ദീപിക ആദരിക്കാൻ മുന്നോട്ടുവന്നതു ശ്ലാഘനീയമാണ്. വിജയത്തിന്റെ ഓരോ പടവുകൾ കയറുന്പോഴും അതിനുപിന്നിൽ പ്രയത്നിച്ച മാതാപിതാക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും സ്മരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.
കാണിക്കമാത കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പാലക്കാട് ജയ് ക്രിസ്റ്റോ പ്രോവിൻസ് എഡ്യുക്കേഷണൽ കൗണ്‍സിലർ സിസ്റ്റർ ലത സിഎംസി അധ്യക്ഷത വഹിച്ചു. ദീപിക തൃശൂർ മാർക്കറ്റിംഗ് കോഓർഡിനേറ്റർ ഫാ. ജിയോ ചെരടായി സ്വാഗതവും സർക്കുലേഷൻ പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു.
ദീപിക കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി പങ്കെടുത്തു. സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് സ്റ്റഡീസ് ഡയറക്ടർ ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ ക്ലാസ് നയിച്ചു.