പ്ലസ്ടു പരീക്ഷാഫലം; ആലത്തൂർ ഉപജില്ലയിൽ മികച്ച നേട്ടവുമായി സ്കൂളുകൾ
1561761
Friday, May 23, 2025 1:56 AM IST
വടക്കഞ്ചേരി: ആലത്തൂർ ഉപജില്ലയിലെ സ്കൂളുകൾ പ്ലസ് ടു പരീക്ഷയിൽ വിജയശതമാനത്തിൽ ഒരു പടി പുറകോട്ടടിച്ചപ്പോഴും പ്രമുഖ സ്കൂളുകളെല്ലാം ഒന്നിനൊന്ന് നില മെച്ചപ്പെടുത്തി ശ്രദ്ധേയമായി. ആലത്തൂർ ഉപജില്ലയിൽ എയ്ഡഡ് മേഖലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിനാണ്. 118 പേർ പരീക്ഷ എഴുതി 107 പേർ ഉപരിപഠന യോഗ്യത നേടി. 90.68 ആണ് വിജയശതമാനം.
ബയോളജി സയൻസിൽ 91.6 ശതമാനവും കോമേഴ്സിൽ 89.6 ശതമാനവുമാണ് വിജയം. പത്ത് പേർക്ക് ഫുൾ എപ്ലസ് ഉണ്ട്. എന്നാൽ ആലത്തൂർ നിയോജക മണ്ഡലത്തിൽ എയ്ഡഡ് മേഖലയിൽ വിജയശതമാനത്തിൽ ഒന്നാമതായത് മംഗലംഡാമിലെ ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂളാണ്.161 പേർ പരീക്ഷ എഴുതിയതിൽ 142 പേരും വിജയിച്ചു.19 പേർക്കുണ്ട് ഫുൾ എപ്ലസ്. 88.20 ആണ് വിജയശതമാനം.കഴിഞ്ഞ വർഷം മുഴുവൻ മാർക്കും വാങ്ങി സ്കൂളിലെ എം. ഐശ്വര്യ മലയോര മേഖലക്ക് അഭിമാനമായിരുന്നു.
വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇക്കുറിയും ഫുൾ എപ്ലസുകാരിൽ മുന്നിൽതന്നെ സ്ഥാനം നിലനിർത്തി. 36 പേർക്ക് ഫുൾ എപ്ലസുണ്ട്. മഞ്ഞപ്ര പികെഎച്ച്എസ്എസ് 87.72 വിജയശതമാനവുമായി ഒപ്പമുണ്ട്. ചിറ്റിലഞ്ചേരി എംഎൻകെഎംഎച്ച്എസ്എസ് 86.96 ശതമാനം നേടിയാണ് തിളങ്ങിയത്.ഗവൺമെന്റ് സ്കൂളുകളിൽ കിഴക്കഞ്ചേരി ഗവ.എച്ച്എസ്എസ് 81.71 വിജയശതമാനവുമായി മിന്നും നേട്ടം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂൾ നൂറുശതമാനം വിജയം കരസ്ഥമാക്കി വലിയ വിജയാഘോഷത്തിലാണ്. നൂറു പേർ പരീക്ഷ എഴുതി നൂറുപേരും ഉപരിപഠന യോഗ്യത നേടി.