കടപ്പാറ മേമലയിൽ രണ്ടുകിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചു
1565401
Saturday, June 7, 2025 1:00 AM IST
മംഗലംഡാം: കടപ്പാറ മേമലയിലെ കർഷകർക്ക് ഇനി സ്വൈര്യമായി അന്തിയുറങ്ങാം. ഇവിടെ വനാതിർത്തിയിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചു. ഇനി പകലന്തിയോളം അധ്വാനിച്ചുണ്ടാക്കുന്ന കൃഷികൾ ആനകളെത്തി നശിപ്പിക്കില്ല. മേഖലയിൽ ആദ്യമായാണ് ഇത്തരം തൂക്കുവേലി സ്ഥാപിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് വനംവകുപ്പ് വേലി സ്ഥാപിച്ചിട്ടുള്ളത്. പത്തടിയിലേറെ ഉയരമുള്ള ഇരുമ്പ് പോസ്റ്റുകൾ കോൺക്രീറ്റിൽ ഉറപ്പിച്ച് കമ്പികൾ തൂക്കിയിട്ടാണ് വേലി സ്ഥാപിച്ചിട്ടുള്ളത്. ആനകൾ വേലിയിലേക്ക് തള്ളിയിട്ട് വേലി തകർക്കാൻ സാധ്യതയുള്ള സമീപത്തെ ചെറുമരങ്ങളും കൊമ്പുകളും വെട്ടി മാറ്റിയിട്ടുണ്ട്. അതിനാൽ വൈദ്യുത തൂക്കുവേലി നിലനിൽക്കും എന്ന പ്രതീക്ഷയാണ് വനം വകുപ്പും കർഷകരും പങ്കുവക്കുന്നത്. കർഷകർതന്നെ വേലിയുടെ സംരക്ഷണം നടത്തണം. യഥാസമയങ്ങളിൽ വള്ളിപടർപ്പുകൾ വെട്ടിമാറ്റി വൈദ്യുതി പ്രവാഹം ഉറപ്പാക്കണം.
സ്ഥിരമായി ആനകളെത്തി വീടുകളിൽ അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് പഞ്ചായത്ത് മുൻ മെംബർ ബെന്നി ജോസഫ് പറഞ്ഞു. ഇതിന് പരിഹാരം കാണാനായതിന്റെ സന്തോഷത്തിലാണ് പ്രദേശത്തുകാർ. ആനക്കുപുറമെ കടുവയും കാട്ടുപോത്തും എത്തുന്ന ചെമ്പൻകുന്ന് ഭാഗത്തും മൂന്ന് കിലോമീറ്റർ കൂടി വൈദ്യുതവേലി സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.