അളുവശേരിയിലെ ഉണക്കമരം മുറിച്ചുമാറ്റി; വാഹനയാത്രികർക്ക് ആശ്വാസം
1565035
Thursday, June 5, 2025 6:32 AM IST
നെന്മാറ: നെന്മാറ- പോത്തുണ്ടി റോഡിൽ അളുവശേരി കുരിശുപള്ളിക്കുസമീപം അപകടകരമായിനിന്ന ഉണക്കമരം മുറിച്ചുമാറ്റി. കഴിഞ്ഞദിവസം കെ. ബാബു എംഎൽഎ യുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അവലോകനയോഗത്തിൽ പൊതുമരാമത്ത് അധികൃതരോടു മരം മുറിച്ചുനീക്കാൻ ആവശ്യപ്പെട്ടിരുന്നു.
നെല്ലിയാമ്പതി ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന റോഡരികിലെ ഉണങ്ങിയ പാലമരമാണ് പൊതുമരാമത്ത് അധികൃതർ വെട്ടിമാറ്റിയത്. മരം മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി വൈദ്യുതി ലൈനും, നെറ്റ് വർക്ക്, കേബിൾ ടിവി എന്നിവ അഴിച്ചുമാറ്റിയതിനെ തുടർന്ന് നാലുമണിക്കൂറോളം മേഖലയിൽ വൈദ്യുതി, നെറ്റ്വർക്ക് ബന്ധം തടസപ്പെട്ടു.
രണ്ടുമണിക്കൂറോളം ഇടവേളയിൽ ഗതാഗതവും നിർത്തിവച്ചിരുന്നു. പോത്തുണ്ടിറോഡിൽ വിവിധ ഭാഗങ്ങളിലായി ഇതുകൂടാതെ പത്തോളം ഉണങ്ങിയ മരങ്ങൾ പലയിടത്തായി അപകടഭീഷണി ഉയർത്തിനിൽക്കുന്നുണ്ടെന്നു വാഹനയാത്രക്കാർ പരാതിപ്പെട്ടു.