ലോക പരിസ്ഥിതിദിനം ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും
1565037
Thursday, June 5, 2025 6:32 AM IST
പാലക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒരു തൈ നടാം പനപർവ്വം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നീർധാര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ലോക പരിസ്ഥിതിദിനാചരണ ഉദ്ഘാടനം നടക്കുക.
ഗവ. വിക്ടോറിയ കോളജിലെ വിദ്യാർഥികൾ ശേഖരിച്ച കരിന്പനകളുടെ വിത്ത് മന്ത്രിക്ക് കൈമാറിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഈ കരിന്പനകളുടെ വിത്തുകൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ നട്ട് പരിപാലിക്കും.
വൃക്ഷവത്കരണ കാന്പയിനു തുടക്കം
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാന്പയിനും ജില്ലയിൽ ഇന്ന് തുടക്കംകുറിക്കും.
ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവത്കരണ പ്രവർത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബർ 30 വരെയാണ് ഒരു തൈ നടാം കാന്പയിൻ. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ കാന്പയിൻ പ്രത്യേകം ശ്രദ്ധ നൽകും.
വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹ്യ രാഷ്ടീയ സംഘടനകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്.
കൃഷിവകുപ്പിന്റെ ഫലവൃക്ഷത്തെ വിതരണം
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകൾക്കും സ്കൂളുകൾക്കും കൃഷികർഷകക്ഷേമവകുപ്പ് ഫലവൃക്ഷത്തൈകൾ നൽകും. കൃഷിവകുപ്പിൽ നിന്നും അഞ്ച് ഫലവൃക്ഷത്തൈകൾ വീതമാണ് സ്കൂളുകളിലേക്കും പഞ്ചായത്തുകളിലേക്കും നൽകുന്നത്.
ജില്ലയിൽ കൃഷിവകുപ്പിന് കീഴിലുള്ള ഒന്പത് ഫാമുകളിൽ നിന്നുമാണ് അതത് മേഖലകളിലെ സ്കൂളുകളിലേക്കും പഞ്ചായത്തുകളിലേക്കും ഫലവൃക്ഷത്തൈകൾ എത്തിക്കുന്നത്.