സൗഹൃദ ജനകീയകൂട്ടായ്മയുടെ വാർഷികാഘോഷം
1565030
Thursday, June 5, 2025 6:31 AM IST
വടക്കഞ്ചേരി: തളരുന്നവർക്കു താങ്ങായിനിൽക്കുന്ന വള്ളിയോട് മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെയും വായനശാലയുടെയും ഒമ്പതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. തേവർകാട് കൺവൻഷൻ സെന്ററിൽ നടന്ന പരിപാടികൾ പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എംഎംഎ ബക്കർ ഉദ്ഘാടനം ചെയ്തു. സൗഹൃദ പ്രസിഡന്റ് പ്രീത രവി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വാർഡ് മെംബർ എ.എം. സേതു, ലൈബ്രററി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി സി.സി. ചന്ദ്രബോസ്, സൗഹൃദ സെക്രട്ടറി പത്മദാസ്, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ശ്രീനാഥ്, അസീസ് എന്നിവർ പ്രസംഗിച്ചു. വിവിധ പ്രവർത്തനമേഖലകളിലെ ബിനേഷ്, സജോ ജോർജ് തേവർകാട്, അബ്ദുൾ മജീദ്, സെപക് ടാക്രോ നാഷണൽ താരം പൂജ എന്നിവരെ അനുമോദിച്ചു.
പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും വയനാട് ദുരന്ത ഭൂമിയിൽ സേവനമനുഷ്ഠിച്ച സിവിൽ ഡിഫൻസ് പ്രവർത്തകരേയും ആദരിച്ചു. മെന്റലിസം ഷോയും മ്യൂസിക് ഫൂഷനുമുണ്ടായി.