പരിസ്ഥിതിദിനം വ്യത്യസ്തമാക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷൻ
1565038
Thursday, June 5, 2025 6:32 AM IST
പാലക്കാട്: സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള പുനരുപയോഗത്തിന്റെ വലിയ സന്ദേശം നൽകുന്ന സ്വാപ്പ് ഷോപ് കൂടുതൽ വിപുലമാക്കാനും സംരംഭതലത്തിലേക്ക് വികസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി ഈ വരുന്ന പരിസ്ഥിതി ദിനത്തിൽ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷൻ കാന്പയിൻ സംഘടിപ്പിക്കുന്നു. പുനരുപയോഗം, ഉത്പന്നങ്ങളുടെ പരമാവധി ഉപയോഗം എന്നിവ പരിസ്ഥിതിക്ക് ഏറെ ഗുണമാകുന്നു എന്ന കാര്യം കൂടുതൽ ജനകീയമാക്കുകയാണ് ഈ കാന്പയിൻ വഴി ലക്ഷ്യമിടുന്നത്.
മറ്റൊരാൾ ഉപയോഗിച്ച ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, ബാഗ്, ചെരുപ്പ്, ആഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടാണ് കുടുംബശ്രീ ജില്ലാമിഷൻ കാന്പയിന്റെ ഭാഗമാകുന്നത്. ജീവനക്കാർ ഉത്പന്നങ്ങൾ ജില്ലാമിഷനിൽ എത്തിച്ചും കൈമാറിയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.