ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
1565026
Thursday, June 5, 2025 6:31 AM IST
പാലക്കാട്: വിനോദസഞ്ചാര വകുപ്പിന്റെയും പട്ടികജാതി- പട്ടികവർഗ വകുപ്പിന്റെയും സംയുക്ത സംരംഭമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് കോഴ്സുകളാണുള്ളത്. ഒന്പതുമാസം ക്ലാസ്റൂം പഠനവും മൂന്നുമാസം സ്റ്റാർ ഹോട്ടലിംഗ് ട്രെയിനിംഗുമാണ്. പിഎസ്സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സാണിതെന്നു പ്രിൻസിപ്പൽ ജേക്കബ് തോമസ് റോഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്ലസ് ടു- തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. എല്ലാവർക്കും പ്രായപരിധിയില്ലാതെ കോഴ്സിന് അപേക്ഷിക്കാം. 60 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 15ശതമാനം സീറ്റ് പട്ടികവർഗത്തിനും 25 ശതമാനം സീറ്റ് ഇതരവിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികവിഭാഗ വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡോടുകൂടി പഠിക്കാം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി സാധ്യത ഉറപ്പുവരുത്തുന്നുമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർട്ടിഫിക്കറ്റാണ് കോഴ്സ് പാസായവർക്ക് നൽകുന്നത്. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും നേരിട്ടും അപേക്ഷ സമർപ്പിക്കാം എസ്സി- എസ്ടി വിദ്യാർഥികൾക്ക് 50 രൂപയും മറ്റു വിഭാഗത്തിലെ വിദ്യാർഥികൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഈമാസം പത്തുവരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾ 04922 256677, 9142190406, 9605724950 നമ്പറുകളിൽ.