ലാഹോർ മിൻഹാജ് സർവകലാശാലയിൽ ഫാ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു
ജോർജ് തുമ്പയിൽ
Wednesday, July 23, 2025 2:23 AM IST
പാക്കിസ്ഥാനിലെ ലാഹോറിൽ ഒക്ടോബർ 25, 26 തീയതികളിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച എട്ടാമത് രാജ്യാന്തര സമ്മേളനത്തിൽ (ICWR-2025) ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. വിശിഷ്ട അതിഥിയെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സർവകലാശാലയുടെ കത്ത് ഫാ. ജോസഫ് വർഗീസിന് ലഭിച്ചു.
മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം ’തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ എന്നതാണ്. മിൻഹാജ് സർവകലാശാലയും പാകിസ്ഥാൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത്.
ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവിധ മതങ്ങളുടെ ദൈവശാസ്ത്രം സംബന്ധിച്ച് അക്കാദമിക് ഗവേഷണവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന അന്തർദ്ദേശീയ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഈ സർവകലാശാല രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.
മതപരമായ ബഹുസ്വരതയും ലോക സമാധാനവും (2017), ലോക മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം (2018), ശാസ്ത്രം, കാരണം, മതം (2019), ആത്മീയതയും മതവും (2021 ൽ വെർച്വൽ), മതപരമായ വ്യത്യാസങ്ങൾ; മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകൾ (2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങൾകാഴ്ചപ്പാടുകളും വെല്ലുവിളികളും (2023), മതത്തിന്റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും (2024) എന്നിവയായിരുന്നു മുൻ കോൺഫറൻസുകളുടെ വിഷയങ്ങൾ.
പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ് ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York), എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗു (NCC-USA) കളുടെ കോ കൺവീനറായും പ്രവർത്തിക്കുന്നു.
സത്യവും സാമൂഹിക നീതിയും നടപ്പാക്കുന്നത് ലക്ഷ്യമിട്ട നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഉപദേശക സമിതിയിലേക്ക് 2017 ൽ ഫാ. ജോസഫ് വർഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. 2017 ഫെബ്രുവരി 5ന് മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യുഎൻ പ്ലാസയിൽ നടന്ന യുഎൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ് പ്രത്യേക ക്ഷണിതാവായിരുന്നു.
2018 നവംബർ രണ്ട് മുതൽ ആറ് വരെ കാനഡയിലെ ടൊറന്റോയിൽ നടന്ന ലോകമതങ്ങളുടെ പാർലമെന്റിൽ ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായിരുന്നു. മതപരമായ ബഹുസ്വരതയുമായി ഇടപഴകുന്നതിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ വേൾഡ് പാർലമെന്റിൽ നടന്ന ചർച്ചയിലും 2023 ഓഗസ്റ്റ് 14, 18 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് കൺവൻഷൻ സെന്ററിൽ നടന്ന ചർച്ചയിലും ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായി.
ന്യൂയോർക്കിലെ യുഎൻ പ്ലാസ ആസ്ഥാനമായ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2018 ൽ നാമനിർദേശം ചെയ്യപ്പെട്ട ഫാ. ജോസഫ് വർഗീസ് എക്സിക്യൂട്ടീവ് കൗൺസിലിൽ തുടരുന്നു.