"മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ ബാധിച്ച് ഫ്ലോറിഡയിൽ നാലു മരണം
പി.പി. ചെറിയാൻ
Thursday, July 24, 2025 5:23 AM IST
ഫ്ലോറിഡ: "മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ എന്നറിയപ്പെടുന്ന വിബ്രിയോ വൾനിഫിക്കസ് അണുബാധ മൂലം ഈ വർഷം ഫ്ലോറിഡയിൽ നാല് പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതുവരെ 11 പേർക്കാണ് സംസ്ഥാനത്ത് ഈ അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ചൂടുള്ള കടൽവെള്ളത്തിൽ കാണുന്ന ഒരുതരം ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. തുറന്ന മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഈ അവസ്ഥയെ നെക്രോറ്റൈസിംഗ് ഫാസിയൈറ്റിസ് അഥവാ മാംസം ഭക്ഷിക്കുന്ന രോഗം എന്ന് പറയുന്നു.
കൂടാതെ, പൂർണമായി പാകം ചെയ്യാത്ത കക്കയിറച്ചി പോലുള്ള മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഈ അണുബാധ ഉണ്ടാകാം. പ്രധാനമായും കരൾ രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, 65 വയസിന് മുകളിലുള്ളവർ എന്നിവർക്കാണ് ഈ അണുബാധ വരാൻ സാധ്യത കൂടുതൽ.
അണുബാധയുള്ള അഞ്ചുപേരിൽ ഒരാൾ മരിക്കാൻ സാധ്യതയുണ്ടെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ഇഉഇ)മുന്നറിയിപ്പ് നൽകുന്നു. അണുബാധയുടെ ലക്ഷണങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കണ്ടുതുടങ്ങും.
ചർമ്മത്തിൽ ചുവപ്പ് നിറം, വീക്കം, കഠിനമായ വേദനയും അനുഭവപ്പെടാം. അണുബാധ രക്തത്തിൽ പ്രവേശിക്കുകയാണെങ്കിൽ പനി, വിറയൽ, രക്തസമ്മർദം കുറയുക തുടങ്ങിയ സെപ്സിസ് ലക്ഷണങ്ങൾ ഉണ്ടാകാം, ഇത് മരണത്തിലേക്ക് നയിച്ചേക്കാം.