ലോസ് ആഞ്ചൽസിൽ വൻ സ്ഫോടനം: മൂന്ന് ഷെരീഫ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം
ബാബു പി. സൈമൺ
Monday, July 21, 2025 5:17 PM IST
ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ബിസ്കൈലസ് സെന്റർ ട്രെയിനിംഗ് അക്കാദമിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് ഡെപ്യൂട്ടിമാർ കൊല്ലപ്പെട്ടു. 160 വർഷത്തിലേറെയായി വകുപ്പിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണിത്.
കിഴക്കൻ ലോസ് ആഞ്ചൽസിലാണ് സംഭവം നടന്നത്. ഷെരീഫ് വകുപ്പിലെ ഉന്നത വിഭാഗമായ ആർസൻ എക്സ്പ്ലോസീവ് ഡിറ്റൈലിലെ ഉദ്യോഗസ്ഥർ രാവിലെ 7.30 ഓടെ പരിശീലന കേന്ദ്രത്തിന്റെ പാർക്കിംഗ് ലോട്ടിൽ വച്ച് സ്ഫോടക വസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
വ്യാഴാഴ്ച സാന്താ മോണിക്കയിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് നിയമനിർവഹണ വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അതിശക്തമായിരുന്നുവെന്നും ചില്ലുകൾ ചിതറുകയും ആളുകൾ നിലവിളിക്കുകയും ചെയ്തതായി ജീവനക്കാർ വെളിപ്പെടുത്തി.
സ്ഥലത്ത് വച്ച് തന്നെ മരിച്ച ഡെപ്യൂട്ടിമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ഫോടനവും അതിനെത്തുടർന്നുണ്ടായ മരണങ്ങളും ലോസ് ആഞ്ചൽസ് കൗണ്ടിയിലുടനീളം ഞെട്ടൽ ഉളവാക്കി. കൗണ്ടി കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടി ദുഃഖാചരണം നടത്തുകയും ചെയ്തു.