ലഹരിമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊല്ലാൻ ശ്രമം; ടെക്സസിൽ യുവതി അറസ്റ്റിൽ
പി.പി. ചെറിയാൻ
Thursday, July 17, 2025 7:43 AM IST
ടെക്സസ്: ഫെന്റനൈൽ കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 63 വയസുകാരിയായ പമേല ജീൻ സ്റ്റാൻലി അറസ്റ്റിൽ. വ്യാഴാഴ്ച പാർക്കർ കൗണ്ടിയിൽ വച്ചാണ് യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചോക്ലേറ്റിൽ ഫെന്റനൈൽ കുത്തിവച്ച് മുൻ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഇവർ പറയുന്ന ശബ്ദസന്ദേശം പാർക്കർ കൗണ്ടി ഷെരീഫ് ഓഫിസിന് ലഭിച്ചു. തുടർന്ന് അധികൃതർ ഒരു സ്റ്റിംഗ് ഓപ്പറേഷൻ ആരംഭിച്ചു.
ഫെന്റനൈൽ വാങ്ങുന്നതിനായി സ്റ്റാൻലി കോൾമാൻ കൗണ്ടിയിൽ നിന്ന് ഏകദേശം 100 മൈൽ വടക്കുകിഴക്കായി പാർക്കർ കൗണ്ടിയിലേക്ക് എത്തി. മേയ് 30ന് ഫെന്റനൈൽ വിൽപനക്കാരായി വേഷമിട്ട രഹസ്യ അന്വേഷകർ ഇവരെ പിടികൂടുകയായിരുന്നു.
അടുത്തിടെ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞ തന്റെ മുൻ ഭർത്താവിന്, ഒരു ട്രാവൽ ഏജൻസിയിൽ നിന്നുള്ള അഭിനന്ദന സമ്മാനമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ, ചോക്ലേറ്റ് അയക്കാനായിരുന്നു സ്റ്റാൻലിയുടെ പദ്ധതി.
അറസ്റ്റ് ചെയ്യുമ്പോൾ സ്റ്റാൻലിയുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു. ഇവരെ പാർക്കർ കൗണ്ടി ജയിലിലേക്ക് മാറ്റി. വ്യാഴാഴ്ച കൊലപാതക ശ്രമം, നിയന്ത്രിത വസ്തു കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ സ്റ്റാൻലിക്കെതിരേ ചുമത്തി. ജയിൽ രേഖകൾ പ്രകാരം 550,000 ഡോളർ ബോണ്ടിലാണ് ഇവർ തടവിൽ കഴിയുന്നത്.