ഫാമിലി കോൺഫറൻസും അവാർഡ് ചടങ്ങും വേറിട്ടതാകും: എൽദോ മോർ തീത്തോസ്
ഷോളി കുമ്പിളുവേലി
Thursday, July 17, 2025 7:21 AM IST
ന്യൂജഴ്സി: യൂത്ത്ഫാമിലി കോൺഫറൻസ് പുതിയൊരു അനുഭവമായിരിക്കുമെന്ന് മലങ്കര യാക്കോബായ സഭ, നോർത്ത് അമേരിക്ക അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് യെൽദോ മോർ തീത്തോസ് അറിയിച്ചു.
ഓൾഡ് ടാപ്പനിലെ ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അംഗങ്ങളുമായി നടത്തിയ വാർത്താസമ്മേളനത്തിൽ സഭയുടെ വളർച്ച, നേട്ടങ്ങൾ, പ്രതീക്ഷകൾ എന്നിവ അദ്ദേഹം പങ്കുവച്ചു.
16 മുതൽ 19 വരെ വാഷിംഗ്ടൺൻ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡല്ലസ് എയർപോർട്ട് ഹോട്ടലിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ജെറി ജേക്കബ് കോൺഫറൻസ് കാര്യങ്ങൾ വിശദീകരിച്ചു. അതിരൂപതാ ട്രഷറർ ജോജി കാവനാൽ, കൗൺസിൽ അംഗം ജിൻസ് മാത്യു, യൂത്ത് ജോയിന്റ് സെക്രട്ടറി ഡീക്കൻ ജോ ജോസഫ് എന്നിവരും പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, നാഷനൽ കൺവൻഷൻ ചെയർ സജി എബ്രഹാം, ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ, ബിനു ജേക്കബ് എന്നിവരും പങ്കെടുത്തു.

കോൺഫറൻസിന്റെ ആദ്യ ദിവസം ബിസിനസ് മീറ്റിങ്ങും തെരഞ്ഞെടുപ്പും നടത്തും. ഒരു വർഷത്തേക്ക് മാത്രമാണ് ഭാരവാഹികളുടെ കാലാവധി. പിറ്റേന്ന് ഉദ്ഘാടന സമ്മേളനവും.
ബ്രിട്ടനിൽ നിന്നുള്ള സഭാചരിത്ര പണ്ഡിത സാറാ നൈറ്റ് ആണ് പ്രധാന പ്രഭാഷക. മാത്യൂസ് മോർ അന്തോണിയോസ് മെത്രാപ്പൊലീത്ത, പാത്രിയർക്കീസ് ബാവായുടെ അസിസ്റ്റന്റ് മെത്രാപ്പൊലീത്ത എന്നിവരും പങ്കെടുക്കും.
യൂത്തിന് പ്രത്യേക സമ്മേളനവും ഒരേ സമയം നടക്കും.അതിരൂപതാ ട്രഷറർ ജോജി കാവനാൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.