പിണങ്ങി നിൽക്കുന്ന ജിഒപി പ്രതിനിധികളുമായി ട്രംപ് ഉണ്ടാക്കിയ ഡീൽ നില നിൽക്കുമോ?
ഏബ്രഹാം തോമസ്
Thursday, July 17, 2025 4:22 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻതുണക്കുന്ന മിക്കവാറും എല്ലാ പ്രമേയങ്ങളെയും എതിർത്ത് വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധികളുമായി ട്രംപ് ചർച്ച നടത്തി.
ഇവരുമായി ഒരു ഡീൽ ഉണ്ടാക്കിയതായി ട്രംപ് തന്നെ പിന്നീട് അറിയിച്ചു. മൂന്നു ക്രിപ്റ്റോ കറൻസികളുടേതുൾപ്പടെ ചില പ്രൊസിഡ്യൂറൽ പാക്കേജ് ബില്ലുകൾ എതിർത്ത് വോട്ടു ചെയ്തവരാണ് ഈ പ്രതിനിധികൾ.
ചൊവ്വാഴ്ച രാത്രി തന്റെ ട്രൂത് സോഷ്യലിൽ ട്രംപ് ഇതിനെ കുറിച്ച് എഴുതി: "ഞാൻ ഓവൽ ഓഫീസിൽ 12 ൽ 11 സ്ത്രീകൾ ഉൾപ്പടെയുള്ള കോൺഗ്രസ് അംഗങ്ങളുമായി ചർച്ച നടത്തി. ജീനിയസ് ആക്ട് പാസാകാൻ ഇവർ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ടെലിഫോണിലൂടെ ഈ യോഗത്തിൽ പങ്കെടുത്ത സ്പീക്കർ മൈക്ക് ജോൺസൻ ഈ ബിൽ ഉടനെ തന്നെ വോട്ടെടുപ്പിന് വയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്'. ഒരു കീറാമുട്ടിയായി തുടർന്നിരുന്ന ബില്ലിന്റെ പാസാക്കൽ ഇതോടെ ട്രംപിന്റെ കോൺഗ്രസിലെ ആഭ്യന്തര അജണ്ട മുന്നോട്ടു കൊണ്ട് പോകാൻ സഹായമായി മാറി.
ജീനിയസ് ആക്ട് (ഗൈഡിംഗ് ആൻഡ് എസ്ടാബ്ലിഷിംഗ് നാഷണൽ ഇന്നോവേഷൻ ഫോർ യുഎസ് സ്റ്റേബിൾകോയ്ൻസ് ആക്ട്) മുന്നോട്ടു പോകുമ്പോൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന സ്റ്റേബിൾ കോയിനുകൾ റെഗുലേറ്റ് ചെയ്യാനുള്ള നീക്കം വളരെ വേഗം വളരുന്ന ക്രിപ്റ്റോ കറൻസികൾക്കു ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ സഹായിക്കും.
യുഎസിൽ ഇതിന്റെ അടിസ്ഥാന ഘടകം ഡോളറാണ്. ഇങ്ങനെ ഒരു റെഗുലേഷൻ വേണമെന്ന് ഡിജിറ്റൽ അസറ്റ് സ്റ്റേക് ഹോൾഡേഴ്സും ഫിനാന്ഷ്യൽ വ്യവസായരംഗത്തെ മറ്റുള്ളവരും ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ ഒരു ക്രമീകരണം വന്നാൽ അന്തമില്ലായ്മക്കു അറുതി വരുമെന്നും പുതിയ കണ്ടു പിടുത്തങ്ങൾക്കു പുതിയ മാർഗങ്ങൾ തുറക്കുമെന്നും ഇവർ വാദിക്കുന്നു. എന്നാൽ ചില ഡെമോക്രറ്റുകളും ഒരു ചെറിയ ഗ്രൂപ്പ് റിപ്പബ്ലിക്കനുകളും ഇതിനെ കുറിച്ച് വിമർശനങ്ങൾ ഉന്നയിക്കുന്നു.
അവർ വൈരുധ്യ താത്പര്യങ്ങളുടെയും അഴിമതിക്ക് എതിരായി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതിനെ കുറിച്ചും സാമ്പത്തിക രംഗത്തെ ബിഗ് ടെക്കിന്റെ സ്വാധീനത്തെ കുറിച്ചും ആശങ്കാകുലരാണ്.
ഈ പ്രശ്നത്തിലെ മെല്ലെ പോക്ക് 12 റിപ്പബ്ലിക്കൻ അംഗങ്ങൾ ഒരു പ്രോസ്ഡ്യൂറൽ റൂളിനെതിരായി വോട്ടു ചെയ്തിടത്താണ് ആരംഭിച്ചത്. ഇത് 2026 സാമ്പത്തിക വർഷത്തിലെ പെന്റഗൺ ഫണ്ടിംഗിനെയും മൂന്നു ക്രിപ്റ്റോ കറൻസി ബില്ലുകളെയും ബാധിച്ചു.
ട്രംപ് നേരിട്ട് ഇടപെട്ടത് റിപ്പബ്ലിക്കൻ നേതാക്കളിൽ ഈ നിശ്ചലാവസ്ഥയുടെയും കേസുകളെ ഒന്നിപ്പിക്കുവാൻ കഴിയാത്തതിന്റെയും നിരാശ പ്രകടമായ സാഹചര്യത്തിലാണ്. വിഘടിച്ചു നിന്ന 12 അംഗങ്ങളിൽ ഒരാളൊഴികെ എല്ലാവരുമായി ട്രംപ് ചർച്ച നടത്തിയാണ് തല്കാലത്തേക്കെങ്കിലും ഇവരെയും ഒന്നിപ്പിച്ചത്.
ബില്ലിന്റെ പാളം തെറ്റിച്ച ആദ്യ 12 പേരിൽ ഫ്ലോറിഡയിൽ നിന്നുള്ള അന്ന പൗലീന ലൂണ, സ്കോട്ട് പെറി (പെൻസിൽവാനിയ), ചിപ്പ് റോയ് (ടെക്സസ്), വിക്ടോറിയ സ്പാർട്സ് (ഇന്ത്യാന), മൈക്കൽ കലൗഡ് (ടെക്സസ്), ആൻഡ്രൂ ക്ലയ്ഡ് (ജോർജിയ), എലി ക്രയിൻ (അരിസോണ), ആൻഡി ഹാരിസ് (മേരിലാൻഡ്), മാർജോരീ ടൈലർ ഗ്രീൻ (ജോർജിയ), ടിം ബാർഷെറ്റ് (ടെന്നസി), കീത് സെയിഫ് (ടെക്സസ്), ആൻഡി ബിഗ്സ് (അരിസോണ) എന്നിവർ ഉൾപ്പെട്ടിരുന്നു.
ഹാവ്സിന്റെ ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്കാലിസ് തന്റെ വോട്ട് "നോ' എന്ന് ഒരു നടപടിക്രമത്തിന്റെ ഭാഗമായി മാറ്റിയിരുന്നു. ഇങ്ങനെ പ്രമേയം വീണ്ടും അവതരിപ്പിക്കുവാൻ വഴി ഒരുക്കി.
ജീനിയസ് ആക്ടിനൊപ്പം, ട്രംപ് ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായി ആന്റി - സിബിഡിസി സർവെയ്ലൻസ് സ്റ്റേറ്റ് ആക്ട് (ഫെഡറൽ റിസേർവ് ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൺസി പുറത്തിറക്കുന്നത് വിലക്കുന്നത്), ഡിജിറ്റൽ അസറ്റ് മാർക്കറ്റ് ക്ലാരിറ്റി ആക്ട് (ഇതിലൂടെ ഡിജിറ്റൽ അസറ്റ് മാർകെറ്റിംഗിന്റെ മേൽനോട്ടം) എന്നിവയും ലക്ഷ്യം വയ്ക്കുന്നു.
ഈ നടപടികൾക്ക് പിന്തുണയും എതിർപ്പും കോൺഗ്രസിൽ ഉണ്ടാകും.