ഹൂസ്റ്റണിൽ സംഘർഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി; അഞ്ച് പേർക്ക് പരിക്ക്
പി.പി. ചെറിയാൻ
Thursday, July 24, 2025 7:53 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ അപ്ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെ ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3 മണിക്ക് തൊട്ടുമുൻപ് ഫൗണ്ടൻ വ്യൂ ഡ്രൈവിന് സമീപമുള്ള റിച്ച്മണ്ട് അവന്യൂവിലെ ഒരു പാർക്കിംഗ് സ്ഥലത്താണ് സംഭവം.
പോലീസ് പറയുന്നതനുസരിച്ച്, സംഘർഷത്തിനിടെ ഒരു ഡ്രൈവർ തന്റെ വാഹനം അതിവേഗം ഓടിച്ച് സംഘർഷത്തിലുണ്ടായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമല്ലെന്നും അപകട നില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങളും ദൃക്സാക്ഷികളിൽ നിന്നുള്ള മൊബൈൽ ഫോൺ വിഡിയോകളും ഹൂസ്റ്റൺ പോലീസ് വകുപ്പ് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.