ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് വടംവലി മത്സരം ഓഗസ്റ്റ് 9ന്
ജീമോൻ റാന്നി
Wednesday, July 23, 2025 3:19 AM IST
ഹൂസ്റ്റൺ: ടെക്സസ് ഇന്റർനാഷനൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISA Club) സംഘടിപ്പിക്കുന്ന രാജ്യാന്തര വടംവലി മൽസരം സീസൺ 4 ഓഗസ്റ്റ് 9ന് നടക്കും. വടംവലി മൽസരത്തൊടൊപ്പം ടെക്സസിലെ കലാ കായികാസ്വാദകരെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് ഡാനി രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ ടിസാക്ക് ഡയറക്ടർ ബോർഡ് യോഗത്തിൽ ഇവന്റ് ചെയർമാന്മാരായി ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ഡോ. സഖറിയാ തോമസ് (ഷൈജു), ജിജു കുളങ്ങര എന്നിവരെ തെരഞ്ഞെടുത്തു. ഈ വർഷത്തെ സീസൺ 4 മത്സരം ഒരു ഉൽസവമാക്കി മാറ്റാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞെന്ന് ഡോ. ഷൈജുവും ജിജുവും പറഞ്ഞു.യുഎസ്, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് വടംവലി മൽസരത്തിൽ പങ്കെടുക്കുക.

വിജയികൾക്കും പങ്കെടുക്കുന്നവർക്കും ക്യാഷ് അവാർഡുകൾ സമ്മാനിക്കുന്ന മൽസരത്തിന് ഈ വർഷം രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ബജറ്റ് ചെയ്തിരിക്കുന്നതെന്ന് ചെയർമാന്മാർ പറഞ്ഞു.
ഓഗസ്റ്റ് 9ന് രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി മൽസരം അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലി മൽസരമായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നും ചെയർമാൻ പറഞ്ഞു.