"അമേരിക്കൻ ഐഡൽ’ സംഗീത സൂപ്പർവൈസറെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പി.പി. ചെറിയാൻ
Wednesday, July 23, 2025 7:27 AM IST
ലോസ് ആഞ്ചലസ്, കലിഫോർണിയ: പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോയായ ’അമേരിക്കൻ ഐഡലി’ന്റെ സംഗീത സൂപ്പർവൈസറും ഭർത്താവും വീടിനുള്ളിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റോബിൻ കെ (66), ഭർത്താവ് തോമസ് ഡെലൂക്ക (70) എന്നിവരാണ് ലോസ് ആഞ്ചലസിലെ എൻസിനോയിലുള്ള വീട്ടിൽ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച, സാമൂഹിക സുരക്ഷാ പരിശോധനയ്ക്കെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊട്ടടുത്ത ദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടി. ചൊവ്വാഴ്ച, എൻസിനോയിലെ വീട്ടിൽ നിന്നാണ് യെമണ്ട് ബൂഡേറിയനെ (22) പോലീസ് അറസ്റ്റ് ചെയ്തതെന്ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റ് ലെഫ്റ്റനന്റ് ഗൈ ഗോലൻ അറിയിച്ചു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പ്രതി വേലി ചാടി വീടിനുള്ളിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജൂലൈ പത്തിനാണ് കൃത്യം നടന്നതെന്നണ് സൂചന. ആ ദിവസം, ദമ്പതികളുടെ വീട്ടിൽ ഒരാൾ വേലി ചാടുന്നത് കണ്ടതായി രണ്ട് പേർ ലൊസാഞ്ചലസ് പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ വീട് വളരെ സുരക്ഷിതമായിരുന്നതിനാൽ (എട്ടടി ഉയരമുള്ള സ്പൈക്കുകളുള്ള മതിലുകൾ) ഉദ്യോഗസ്ഥർക്ക് അകത്തുകടക്കാൻ കഴിഞ്ഞില്ല.
വിളിച്ചയാൾ പ്രതിയെന്ന സംശയിക്കുന്നയാളുടെ ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ നൽകിയിരുന്നെങ്കിലും, ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും അയാൾ അവിടെ നിന്ന് പോയിരുന്നു. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മോഷണത്തിന്റെയോ മറ്റു പ്രശ്നങ്ങളുടെയോ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.
മൃതദേഹങ്ങൾ കണ്ടെത്തിയതും അന്വേഷണവും
തിങ്കളാഴ്ച റോബിന്റെയും തോമസിന്റെയും സുഹൃത്ത് സാമൂഹിക സുരക്ഷാ പരിശോധനയ്ക്കായി പോലീസിന്റെ സഹായം തേടി. വാഹന ഗേറ്റിലൂടെ പ്രവേശിക്കാനുള്ള കീ കോഡും നൽകി.
പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥർ വീടിന്റെ വരാന്തയിൽ രക്തം കണ്ടു. ഇതോടെ ഉദ്യോഗസ്ഥർ ജനൽച്ചില്ല് തകർത്തു അകത്തുകടന്നപ്പോഴാണ് ദമ്പതികളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ലെഫ്റ്റനന്റ് ഗോലൻ പറഞ്ഞു.
ഇരുവരുടെയും തലയിലാണ് വെടിയേറ്റത്. പ്രതിയുടെ വീട്ടിൽ നിന്ന് ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന് പരിശോധന നടക്കുകയാണ്. കൊലപാതകത്തിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല.
വീട്ടിൽ മോഷണം നടന്നതിന്റെ ലക്ഷണങ്ങളില്ല. വീടിനുള്ളിൽ നടന്ന കാര്യങ്ങൾ ചിത്രീകരിക്കുന്ന ക്യാമറകളും ഇല്ല. ബൂഡേറിയനും റോബിനും തോമസിനും മുൻപരിചയമുണ്ടായിരുന്നു. മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.